image

29 Jun 2023 7:00 PM IST

Economy

പൊക്കമുള്ള കെട്ടിടങ്ങളില്‍ മുക്കാലും മുംബൈയില്‍

MyFin Desk

most of the tallest buildings in mumbai
X

Summary

  • ഇന്ത്യയിലെ ഉയരമുള്ള കെട്ടിടങ്ങളുടെ 90% ഭവന ആവശ്യത്തിന്
  • ഉയരമുള്ള കെട്ടിടങ്ങളുടെ എണ്ണത്തില്‍ മുംബൈ ലോകത്ത് 17-ാം സ്ഥാനത്ത്
  • ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് ഹൈദരാബാദ്


രാജ്യത്തെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ 77 ശതമാനവും മുംബൈയിലാണെന്ന് സിബിആർഇ സൗത്ത് ഏഷ്യയുടെ റിപ്പോർട്ട്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഭവനങ്ങള്‍ക്കും കെട്ടിടങ്ങളിലെ സ്പേസുകള്‍ക്കും പ്രീമിയം വിലകൾ ലഭിക്കുന്നതും ഇവിടെയാണ്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനത്തിലെ ഉയർന്ന കെട്ടിടങ്ങളുടെ നിർമാണത്തെ ലാഭകരമാക്കി മാറ്റുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ആകാശമാണ് പരിധി – ഇന്ത്യയില്‍ ഉയരമുള്ള കെട്ടിടങ്ങളുടെ ഉദയം’ എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മുംബൈ കഴിഞ്ഞാൽ ഹൈദരാബാദ്, കൊൽക്കത്ത, നോയിഡ, ഗുഡ്ഗാവ്, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയവയാണ് ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. പൊക്കമുള്ള കെട്ടിടങ്ങളുടെ 8 ശതമാനമാണ് ഹൈദരാബാദിലുള്ളത്. കൊൽക്കത്തയില്‍ 7 ശതമാനം, നോയിഡയിൽ 5 ശതമാനം, ഗുഡ്ഗാവ്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ 1 ശതമാനം വീതം എന്നിങ്ങനെയാണ് ഉയരമുള്ള കെട്ടിടങ്ങളുടെ വിഹിതം.

ഉയരമുള്ള 100-ലധികം കെട്ടിടങ്ങള്‍ മുംബൈയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയരമുള്ള കെട്ടിടങ്ങളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ആഗോള നഗരങ്ങളില്‍ 17-ാം സ്ഥാനമാണ് മുംബൈക്കുള്ളത്. ഏഷ്യയിൽ 14-ാം സ്ഥാനത്താണ് മുംബൈ. 150 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഏത് കെട്ടിടവും ഉയരമുള്ള കെട്ടിടമായി കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 300 മീറ്ററിനു മുകളില്‍ ഉയരമുള്ള കെട്ടിടങ്ങളെ സൂപ്പർ ടോൾ കെട്ടിടങ്ങളായും 600 മീറ്ററിന് മുകളില്‍ ഉയരമുള്ള കെട്ടിടങ്ങളെ മെഗാ ടോള്‍ കെട്ടിടങ്ങളായും കണക്കാക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമായ നഗരം ഹോങ്കോങ്ങ് ആണ്. ഷെൻ‌ഷെൻ, ന്യൂയോർക്ക് സിറ്റി, ദുബായ്, ഗ്വാങ്‌ഷു, ഷാങ്ഹായ്, ടോക്കിയോ എന്നീ നഗരങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്.

മുംബൈയിലെ ഉയരമുള്ള കെട്ടിടങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് നഗര ജനസംഖ്യയിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനയും ജനസംഖ്യയിലെ ഒരു വിഭാഗത്തിന്‍റെ സമ്പത്ത് അധികരിക്കുന്നതുമാണ്. നഗരവളര്‍ച്ചയില്‍ സംഭവിച്ച വികേന്ദ്രീകരണത്തിന്‍റെ ഭാഗമായി മുംബൈ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലും പുതിയ മൈക്രോ മാർക്കറ്റുകള്‍ ഉദയം കൊള്ളുകയും ഇതിനനുസരിച്ച് പുതിയ ഉയരമുള്ള കെട്ടിടങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. സെൻട്രൽ മുംബൈയിലും സൗത്ത് മുംബൈയിലും ഉയർന്നുവന്ന വലിയ കെട്ടിടങ്ങള്‍ പൊതുഗതാഗതത്തിലൂടെയും റോഡ്‌ മാര്‍ഗവും നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി നല്ല രീതിയില്‍ ബന്ധിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ മേഖലയിലെ റിയൽ എസ്റ്റേറ്റ് വിലകള്‍ പ്രീമിയം വിഭാഗത്തിലുള്ളതായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെ ഉയരമുള്ള കെട്ടിടങ്ങളിൽ 90 ശതമാനവും പാർപ്പിടങ്ങളാണെന്നും 5 ശതമാനം മാത്രമാണ് ഇതില്‍ ഓഫീസ് കെട്ടിടങ്ങളുള്ളതെന്നും റിപ്പോർട്ട് പറയുന്നു.പ്രതിദിനം ഒരാള്‍ക്ക് വേണ്ടിവരുന്ന ജലത്തിന്റെയും വൈദ്യുതിയുടെയും ചെലവ് റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളെ അപേക്ഷിച്ച് ഓഫിസ് ബില്‍ഡിംഗുകളില്‍ കൂടുതലാണ് എന്നതാണ് ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പൊതുസുരക്ഷയാണ് മറ്റൊരു കാരണം. ഉയരമുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ ഓരോ നിലയിലും താമസിക്കുന്നവരുടെ ശരാശരി എണ്ണം ഒരു ഓഫീസ് കെട്ടിടവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവായിരിക്കും, അതിനാൽ ഒരു അപകടമുണ്ടായാൽ ഒരു റെസിഡൻഷ്യൽ കെട്ടിടം ഒഴിപ്പിക്കുക എന്നത് താരതമ്യേന എളുപ്പമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തീപിടിത്തം, ലിഫ്റ്റ് സംവിധാനം, ശുചിമുറികളും അഭയ കേന്ദ്രങ്ങളും പോലുള്ള പൊതു സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കെട്ടിട സുരക്ഷാ നടപടികൾ ഓഫിസ് കെട്ടിടങ്ങളെ സംബന്ധിച്ച് കൂടുതല്‍ കര്‍ക്കശവും സങ്കീര്‍ണവും ആണ്.