11 Jun 2023 2:23 PM IST
Summary
- 'Baa3' റേറ്റിംഗാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക്നല്‍കിയിട്ടുള്ളത്
- ആദ്യപാദത്തില്‍ ആര്‍ബിഐ പ്രതീക്ഷിക്കുന്നത് 8% വളര്‍ച്ച
- 2024-25 ല്‍ 6.5 ശതമാനം വളര്‍ച്ചയെന്ന് മൂഡിസ്
ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6-6.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്‍റെ നിഗമനം. നടപ്പ് സാമ്പത്തിക വർഷത്തില്‍ കേന്ദ്ര സർക്കാരിന്‍റെ വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്നും ഇത് സൃഷ്ടിക്കുന്ന കമ്മിയുടെ അപകട സാധ്യതകള്‍ മുന്നിലുണ്ടെന്നും മൂഡിസ് വിലയിരുത്തുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുള്ളത്.
2022-23 ലെ ജിഡിപിയുടെ 81.8 ശതമാനം എന്ന നിലയില്‍ താരതമ്യേന ഉയർന്ന തലത്തിലുള്ള പൊതുകടമാണ് ഇന്ത്യക്കുള്ളതെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടർ ജീൻ ഫാങ് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയ്ക്ക് ഉയർന്ന വളർച്ചാ സാധ്യതയുണ്ടെന്നും ആഭ്യന്തര തലത്തിലെ സുസ്ഥിരമായ ഫിനാന്‍സിംഗ് അടിത്തറയും വിവിധ സമ്പദ്‍വ്യവസ്ഥകളുമായുള്ള താരതമ്യത്തിലെ സ്ഥാനവും ഇന്ത്യയുടെ ക്രെഡിറ്റ് കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ രേഖപ്പെടുത്തിയ 6.1 ശതമാനം വളര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ഏകദേശം 6-6.3 ശതമാനത്തിൽ വളര്‍ച്ച എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പ്രധാന പണപ്പെരുപ്പ നിരക്ക് മിതപ്പെടുന്ന സാഹചര്യത്തില്‍ ഗാർഹിക ആവശ്യകത മെച്ചപ്പെടാൻ സാധ്യതയുണ്ടെങ്കിലും, ഉയർന്ന പലിശനിരക്കിന്റെ ഫലയമായുണ്ടായ ചില സ്വാധീനങ്ങള്‍ സ്ഥിര മൂലധന രൂപീകരണത്തില്‍ പ്രകടമാകും. സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപങ്ങളുടെ സാഹചര്യം വ്യക്തമകാക്കുന്ന സൂചകമാണ് ഗ്രോസ് ഫിക്‌സഡ് ക്യാപിറ്റൽ ഫോർമേഷൻ (ജിഎഫ്‌സിഎഫ്) അഥവാ സ്ഥിര മൂലധന രൂപീകരണം.
'Baa3' റേറ്റിംഗാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മൂഡിസ് നല്‍കിയിട്ടുള്ളത്. ഉയർന്ന വളർച്ചാ സാധ്യതയുള്ള വലുതും വൈവിധ്യപൂർണ്ണവുമായ സമ്പദ്‌വ്യവസ്ഥയിലാണ് ഇന്ത്യയുടെ കരുത്തെന്നു, ദുർബലമായ ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും ഈ വര്‍ഷത്തെ താരകമ്യേന മെച്ചപ്പെട്ട വളര്‍ച്ചാ നിഗമനമാണ് ഇന്ത്യയുടേതെന്ന് ജീന്‍ ഫാങ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി സർക്കാരിന് സാമ്പത്തിക ലക്ഷ്യങ്ങൾ വലിയ അളവില്‍ പൂര്‍ത്തീകരിക്കാനായിട്ടുണ്ട്. ധനക്കമ്മി, 2021-22ലെ 6.7 ശതമാനത്തിൽ നിന്ന് 2022-23ൽ ജിഡിപിയുടെ 6.4 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് 5.9 ശതമാനമായി കുറയുമെന്നാണ് ബജറ്റ് വിലയിരുത്തിയിട്ടുള്ളത്.
2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 6.1 ശതമാനവും 6.3 ശതമാനവും സാമ്പത്തിക വളർച്ചയാണ് മൂഡീസ് പ്രതീക്ഷിക്കുന്നത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 5.5 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് നിഗമനം, ഇത് 2024-ൽ 6.5 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. ആഭ്യന്തര തലത്തിലെ അനുകൂലമായ ഡിമാന്‍ഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ 2023-24 ൽ ഇന്ത്യയുടെ ജിഡിപി 6.5 ശതമാനം വർദ്ധിക്കുമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച ധനനയത്തില്‍ വിലയിരുത്തിയത്. ആദ്യ പാദത്തില്‍ 8 ശതമാനവും രണ്ടാം പാദത്തില്‍ 6.5 ശതമാനവും മൂന്നാംപാദത്തില്‍ 6 ശതമാനവും നാലാംപാദത്തില്‍ 5.7 ശതമാനവും വളർച്ചയാണ് ആർബിഐ പ്രവചിക്കുന്നത്.