22 Jun 2023 10:39 AM GMT
Summary
- ഖാരിഫ് വിളകളുടെ വിതയ്ക്കല്‍ വൈകുന്നു
- മണ്‍സൂണ്‍ വൈകിച്ചത് ബിപര്‍ജോയ് ചുഴലിക്കാറ്റ്
- ജൂണിലെ മഴയില്‍ 33% കുറവ്
തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വാരാന്ത്യത്തോടെ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ (ഐഎംഡി) മുന്നറിയിപ്പ്. രാജ്യത്തിന്‍റെ മധ്യ, പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ അടുത്ത മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മണ്‍സൂണ്‍ മഴ എത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തേക്കുള്ള കാലവർഷത്തിന്റെ വരവില്‍ രണ്ടാഴ്ചയോളം കാലതാമസം ഉണ്ടായതിന്‍റെ ഫലമായി ജൂണിൽ 33% കുറവ് മഴയാണ് ലഭിച്ചിട്ടുള്ളതെന്നും കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. ഈയാഴ്ച നല്ല മൺസൂൺ മഴ ലഭിക്കുമെന്നാണ് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര പ്രതികരിച്ചിട്ടുള്ളത്
സാധാരണയായി, ജൂൺ 25 ഓടെ, മൺസൂണിന്‍റെ പടിഞ്ഞാറൻ ഭാഗം ഗുജറാത്തിലേക്ക് വലിയ തോതില്‍ എത്തിച്ചേരേണ്ടതാണ്. എന്നാൽ ഈ വർഷം ബിപർജോയ് ചുഴലിക്കാറ്റ് കൊങ്കൺ തീരത്തിന് ചുറ്റുമുള്ള എല്ലാ ഈർപ്പവും ആഗിരണം ചെയ്തതിനാല്‍ മണ്‍സൂണിന്‍റെ ചലനത്തില്‍ തടസം നേരിട്ടുണ്ട്. മൊത്തം മൺസൂൺ മഴയുടെ ശരാശരി 16-17% ജൂൺ മാസത്തിലാണ് ലഭിക്കേണ്ടത്.
മണ്‍സൂണിന്‍റെ ആരംഭത്തില്‍ ലഭിക്കുന്ന മഴ കാർഷിക മേഖലയെ സംബന്ധിച്ചും നിർണായക പ്രാധാന്യമുള്ളതാണ്. ഈ കാലയളവിൽ, മൺസൂൺ ആരംഭിച്ചതിന് ശേഷമാണ് കർഷകർ ഖാരിഫ് വിളകളുടെ വിതയ്ക്കലിലേക്ക് കടക്കുക. പ്രാദേശിക കാലാവസ്ഥകൾ പരിഗണിച്ച് ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഖാരിഫ് വിളകളുടെ വിതയ്ക്കല്‍ നടക്കാറുള്ളത്. മൺസൂൺ ശക്തമാകുന്നത് മന്ദഗതിയിലായതോടെ രാജ്യവ്യാപകമായി ഖാരിഫ് വിളകളുടെ വിതയ്ക്കലും വൈകിയിട്ടുണ്ട്. 80-90% ജലസേചന സൗകര്യമുള്ള പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിതയ്ക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, പടിഞ്ഞാറൻ, മധ്യ, കിഴക്കൻ മേഖലകളിലെ കര്‍ഷകരില്‍ അധികവും മഴയുടെ വരവിനായി കാത്തിരിക്കുയാണ്.
അതേസമയം ജൂലൈ 6 വരെയുള്ള കാലയളവില്‍ മണ്‍സൂണ്‍ ദുര്‍ബലമായിരിക്കുമെന്ന കാഴ്ച്ചപ്പാടാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് വെതര്‍ പങ്കുവെച്ചിട്ടുള്ളത്. മൺസൂൺ മഴ സാധാരണയായി ജൂൺ 15-നകം മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയും ഈ മേഖലകളിലേക്ക് കാര്യമായി മഴ എത്തിയിട്ടില്ല. ജൂൺ-സെപ്റ്റംബർ സീസണിലെ മഴ ദീർഘകാല ശരാശരിയുടെ (എൽപിഎ) 94% ആയിരിക്കുമെന്നാണ് സ്‍കൈമെറ്റ് വിലയിരുത്തുന്നത്. അതേസമയം നാല് മാസത്തെ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ നിഗമനം. ദീർഘകാല ശരാശരിയുടെ 96% മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ നിലവിലെ വിലയിരുത്തല്‍
ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും സമ്പദ്‍വ്യവസ്ഥയെയും സംബന്ധിച്ച് വലിയ പ്രാധാന്യമാണ് തെക്കു പടിഞ്ഞാറന്‍ മൺസൂണിന് കല്‍പ്പിക്കപ്പെടുന്നത്. ദുര്‍ബലമായ മണ്‍സൂണ്‍ ഗ്രാമീണ വരുമാനത്തിനും ഉപഭോഗത്തിനും സാമ്പത്തിക വളർച്ചയ്ക്കും മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതോ ഗ്രാമീണ ഉപഭോഗത്തെ വലിയ തോതില്‍ ആശ്രയിക്കുന്നതോ ആയ കമ്പനികള്‍ക്കും ഇത് തിരിച്ചടിയാകും.