4 April 2025 3:11 PM IST
Summary
- ബിംസ്റ്റെക് ആഗോള നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വേദി
- യുപിഐയെ ബിംസ്റ്റെക് രാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കണം
ബിംസ്റ്റെക് രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് 21 ഇന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഐയെ ബിംസ്റ്റെക് രാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതും ബിംസ്റ്റെക് ചേംബര്‍ ഓഫ് കൊമേഴ്സ് സ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ആറാമത് ബിംസ്റ്റെക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട്, ആഗോള നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയാണ് ഈ കൂട്ടായ്മയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ സംഘടിത വികസനത്തിനായുള്ള പദ്ധതിയും (ബോധി) നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.ഇതിന് കീഴില്‍, ബിംസ്റ്റെക് രാജ്യങ്ങളില്‍ നിന്നുള്ള 300 യുവാക്കള്‍ക്ക് എല്ലാ വര്‍ഷവും ഇന്ത്യയില്‍ പരിശീലനം നല്‍കും.
'ഐടി മേഖലയുടെ സമ്പന്നമായ സാധ്യതകള്‍ നമുക്ക് പ്രയോജനപ്പെടുത്താം, ബിംസ്റ്റെക്കിനെ സാങ്കേതികമായി കൂടുതല്‍ ശക്തമാക്കാം,' അദ്ദേഹം പറഞ്ഞു.
ബിംസ്റ്റെക് രാജ്യങ്ങളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി, ബിംസ്റ്റെക് ചേംബര്‍ ഓഫ് കൊമേഴ്സ് സ്ഥാപിക്കുക, വാര്‍ഷിക ബിസിനസ് ഉച്ചകോടികള്‍ സംഘടിപ്പിക്കുക, മേഖലയിലെ പ്രാദേശിക കറന്‍സികളില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പദ്ധതികളും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
മാര്‍ച്ച് 28 ന് ഉണ്ടായ വിനാശകരമായ ഭൂകമ്പത്തില്‍ മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ജീവഹാനിക്കും സ്വത്തിനും നാശനഷ്ടമുണ്ടായതില്‍ പ്രധാനമന്ത്രി തന്റെ അനുശോചനം അറിയിച്ചു.
തായ്ലന്‍ഡ് ആതിഥേയത്വം വഹിക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്നു.
'ദക്ഷിണേഷ്യയെയും തെക്കുകിഴക്കന്‍ ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഒരു പാലമായി ബിംസ്റ്റെക് പ്രവര്‍ത്തിക്കുന്നു. പ്രാദേശിക കണക്റ്റിവിറ്റി, സഹകരണം, സമൃദ്ധി എന്നിവയുടെ പുതിയ വഴികള്‍ തുറക്കുന്നതിനുള്ള ഫലപ്രദമായ വേദിയായി ഇത് ഉയര്‍ന്നുവരുന്നു,' പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഒരു സുസ്ഥിര സമുദ്ര ഗതാഗത കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
കണക്റ്റിവിറ്റിയും സംസ്‌കാരവും വര്‍ധിപ്പിക്കുന്നതിനായി, ഈ വര്‍ഷം ബിംസ്റ്റെക് പരമ്പരാഗത സംഗീതോത്സവം ഇന്ത്യയില്‍ നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.