15 Jan 2024 11:22 AM GMT
Summary
- പൊതുതെരഞ്ഞെടുപ്പിനുശേഷമായിരിക്കും വര്‍ധന പ്രഖ്യാപിക്കുക
- 5ജി വികസനത്തിനായി വലിയ ചെലവ് കമ്പനികള്‍ക്കുണ്ടായിട്ടുണ്ട്
- താരിഫ് നിരക്കില്‍ 20ശതമാനംവരെ വര്‍ധനവാണ് ഉണ്ടാകുമെന്ന് കരുതുന്നത്
പൊതുതെരഞ്ഞെടുപ്പിനുശേഷം മൊബൈല്‍ താരിഫുകള്‍ 20ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ഇതിനുമുമ്പ് ടെലികോം കമ്പനികള്‍ താരിഫുകളില്‍ പ്രധാനമായും വര്‍ധന പ്രഖ്യാപിച്ചിരുന്നത് 2021 ഡിസംബറിലാണ്. മേഖലയുടെ ,പ്രത്യേകിച്ച് വൊഡാഫോണ്‍ ഐഡിയയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് ആവശ്യമായി വരുമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും 2023-ല്‍ എന്‍ട്രി ലെവല്‍ പ്ലാനുകളില്‍ വര്‍ധനവ് വരുത്തിയിരുന്നു.
ഈ വര്‍ഷം മൊബൈല്‍ കമ്പനികള്‍ താരിഫ് വര്‍ധനയിലൂടെ ധനസമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. അതിനാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ പ്ലാനുകള്‍ക്കായി കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കാം. ഈ വര്‍ഷം 5ജി സേവനങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്നതും കമ്പനികള്‍ക്ക് സഹായകരമാകും. ഒരു പക്ഷേ 5ജിക്കായി നിര്‍ദ്ദിഷ്ട താരിഫുകള്‍ അവതരിപ്പിക്കുകയും ചെയ്‌തേക്കാം. ഇത് രാജ്യത്തിന്റെ മൊബൈല്‍ മേഖലയിലെ വരുമാനം 2024-ലും 10 ശതമാനത്തിന് മുകളില്‍ വളരാന്‍ സഹായിക്കും.
2023ല്‍ 5ജിയുടെ വിന്യാസത്തിനായി കമ്പനികള്‍ക്ക് വലിയ മൂലധനച്ചെലവ് ഉണ്ടായതും നിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണമാണ്. 5ജി യുടെ വ്യാപനം ഈ വര്‍ഷവും തുടരുമെന്നതിനാല്‍ കമ്പനികളുടെ ചെലവ് വര്‍ധിക്കും.
5ജി നെറ്റ്വര്‍ക്ക് ഫില്‍-ഫാക്ടര്‍ വര്‍ധിക്കുന്നതിനനുസരിച്ച്, അതിന്റെ പ്ലാനുകളില്‍ പ്രതിദിന ഡാറ്റ അലവന്‍സുകള്‍ അവതരിപ്പിച്ച് കമ്പനികള്‍ക്ക് ധനസമ്പാദനം നടത്താനാകും.
മിക്ക ആപ്പുകളും കണക്ഷന്റെ ഗുണനിലവാരം അനുസരിച്ച് ഉയര്‍ന്ന ഫീഡ് ഡെന്‍സിറ്റിയും മികച്ച റെസല്യൂഷനുള്ള വീഡിയോകളും ചിത്രങ്ങളും തിരഞ്ഞെടുക്കുന്നതിനാല്‍ 5ജി ഡാറ്റ ഉപഭോഗം 60-70 ശതമാനം കൂടുതലാണ്.
5ജിയില്‍ പ്രാരംഭ ഡാറ്റ ഉപഭോഗം കുതിച്ചുയരുമ്പോള്‍ വരിക്കാര്‍ അവരുടെ ഫോണുകളിലെ ഡാറ്റാ ഉപയോഗ ക്രമീകരണങ്ങള്‍ 4ജിയിലേക്ക് സ്വമേധയാ മാറ്റിയേക്കാം എന്നത് ഇതിന്റെ ഒരു അനന്തര ഫലമാണ്. ഇത് ഡാറ്റ ഉപയോഗം കുതിച്ചുയരാതെ സൂക്ഷിക്കുകയും ബാറ്ററി ലൈഫ് സംരക്ഷിക്കുകയും ചെയ്യും. കൂടുതല്‍ ഉപയോക്താക്കളെ 5ജി സ്വീകരിക്കുന്നതില്‍ നിന്ന് ഇത് തടയുകയും ചെയ്യും.
ഇത് ഒഴിവാക്കാന്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും 239 രൂപയോ അതില്‍ കൂടുതലോ അടിസ്ഥാന 4ജി പാക്കിന് ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.ഡാറ്റ പരിധിയെക്കുറിച്ച് ആകുലപ്പെടാതെ ഉപയോക്താക്കളെ 5ജി വേഗതയിലേക്ക് ശീലമാക്കാന്‍ സഹായിക്കുന്നു.
ധനസമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ടെലികോം കമ്പനികള്‍ സബ്സ്‌ക്രൈബര്‍മാര്‍ക്ക് പരിധിയില്ലാത്ത 5ജി് ഡാറ്റ നല്‍കുന്നത് നിര്‍ത്തിയേക്കാം എന്നും സൂചനയുണ്ട്.