19 Jun 2024 2:54 AM GMT
Summary
- ചൈനക്ക് നഷ്ടമാകുക 15,200 കോടീശ്വരന്‍മാരെയെന്ന് റിപ്പോര്‍ട്ട്
- ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് കുടിയേറുന്നവര്‍ 4300 കോടീശ്വരന്‍മാര്‍
- കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ടവര്‍ 5100 ആയിരുന്നു
ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വവും രാഷ്ട്രീയ അസ്ഥിരതയും നിലനില്‍ക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും ധനികരായ പലരും അവരുടെ ജീവിതം സുസ്ഥിരമായ രാജ്യങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു.
ഇന്‍വെസ്റ്റ്മെന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്റെ ഒരു പുതിയ വിശകലന പ്രകാരം റെക്കോര്‍ഡ് എണ്ണം കോടീശ്വരന്മാരും ശതകോടീശ്വരന്മാരും പുതിയ രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് പ്രവചിക്കുന്നു.
ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് 4300 കോടീശ്വരന്‍മാര്‍ രാജ്യവിടും എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷം 5100 ആയിരുന്നു. ആഗോളതലത്തില്‍ കോടീശ്വരന്‍മാര്‍ രാജ്യംവിടുന്ന വലിയ മൂന്നാമത്തെ രാജ്യമായിരിക്കും ഇന്ത്യ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പട്ടികയില്‍ ഒന്നാമതുള്ള ചൈനക്ക് നഷ്ടമാകുക 15,200 കോടീശ്വരന്‍മാരെയാണെന്നും പ്രതീക്ഷിക്കുന്നു. രണ്ടാം സ്ഥാനത്ത് യുകെയാണ്. ഇവിടെ നിന്നും 9500 പേരാണ് രാജ്യം വിടുകയെന്നും പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷം ലോകമെമ്പാടും 128,000 കോടീശ്വരന്മാര്‍ പുതിയ രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2023 ലെ 120,000 എന്ന മുന്‍ റെക്കോര്‍ഡിനെ മറികടക്കും-ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിലെ സ്വകാര്യ ക്ലയന്റുകളുടെ ഗ്രൂപ്പ് മേധാവി ഡൊമിനിക് വോലെക് പ്രസ്താവനയില്‍ പറഞ്ഞു.
കോടീശ്വരന്‍മാരുടെ കുടിയേറ്റം പല കാര്യങ്ങളിലും ഒരു മുന്‍നിര സൂചകമാണ്. ഇത് സമ്പത്തിന്റെയും ശക്തിയുടെയും മാറ്റത്തെ സൂചിപ്പിക്കുന്നു. ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, സാമൂഹിക പ്രക്ഷോഭം എന്നിവ സമ്പന്ന കുടിയേറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി റിപ്പോര്‍ട്ട്ഉദ്ധരിക്കുന്നു.
കോടീശ്വരന്മാരെയും ശതകോടീശ്വരന്മാരെയും ആകര്‍ഷിക്കുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക്, വിശകലനം അനുസരിച്ച്, നിലവിലുള്ള സമ്പത്തിന്റെ അല്ലെങ്കില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്ഥിരതയുടെയും സുരക്ഷയുടെയും ഉറപ്പുണ്ട്. ലോകത്തിലെ മുന്‍നിര കോടീശ്വരന്‍മാരുടെ പ്രിയ ഇടമായി യുഎഇ തുടരുന്നു.