image

5 Jun 2023 6:49 AM

Economy

മേയ് പിഎംഐ: സേവന മേഖലയില്‍ 13 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ വലിയ ഉല്‍പ്പാദന വളര്‍ച്ച

MyFin Desk

productivity growth in the service sector
X

Summary

  • കോമ്പോസിറ്റ് പിഎംഐ 61.6 ല്‍
  • ചില കമ്പനികള്‍ വില വര്‍ധന നടപ്പാക്കി
  • ഡിമാന്‍ഡ് ശക്തമായ നിലയില്‍


മെയ് മാസത്തിൽ ഇന്ത്യയുടെ സേവന മേഖലയുടെ വളർച്ച ഏപ്രിലിനെ അപേക്ഷിച്ച് നേരിയ തോതിൽ കുറഞ്ഞുവെങ്കിലും 13 വർഷത്തിനുള്ളിലെ രണ്ടാമത്തെ ശക്തമായ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. അനുകൂലമായ ഡിമാൻഡ് സാഹചര്യങ്ങളും പുതിയ ക്ലയന്‍റുകളെ നേടാനായതുമാണ് സേവന മേഖലയെ ശക്തമായ നിലയില്‍ നിലനിര്‍ത്തിയത്.

എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ ഏപ്രിലിലെ 62ൽ നിന്ന് മെയ് മാസത്തിൽ 61.2 ആയി കുറഞ്ഞു. 2010 ജൂലൈ മുതലുള്ള കാലയളവിലെ രണ്ടാമത്തെ ഉയര്‍ന്ന വേഗതയിലാണ് മേയില്‍ സേവന മേഖലയുടെ ഉല്‍പ്പാദന വളർച്ച. തുടർച്ചയായ 22-ാം മാസവും, പിഎംഐ 50 മുകളിലാണ് എന്നതും ശ്രദ്ധേയമാണ്. 50നു മുകളിലുള്ള പിഎംഐ മേഖലയുടെ വികാസത്തെ സൂചിപ്പിക്കുമ്പോള്‍ അതിനു താഴെയുള്ളത് മേഖലയുടെ സങ്കോചത്തെ സൂചിപ്പിക്കുന്നു.

"ഇന്ത്യയുടെ ചലനാത്മകമായ സേവന മേഖലയിൽ നിലവിലുള്ള ആവശ്യകത ശക്തമായി തുടരുന്നുവെന്നതിന്‍റെയും ശ്രദ്ധേയമായ ഉൽപ്പാദന വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ സംഭവിക്കുന്നുവെന്നതിന്‍റെയും തെളിവാണ് മെയ് മാസത്തെ പിഎംഐ ഡാറ്റ," എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കോണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.

റിപ്പോര്‍ട്ടിനായി വിലയിരുത്തപ്പെട്ട കമ്പനികളില്‍ പൊതുവേ, പുതിയ ഓര്‍ഡറുകള്‍ കൂടുതലായി സ്വീകരിക്കുന്നതിനായി പുതിയ നിയമനങ്ങള്‍ നടത്തി. അടുത്ത ഒരു വര്‍ഷ കാലത്തില്‍ ബിസിനസ്സ് പ്രവർത്തനം വളര്‍ച്ച പ്രകടമാക്കുമെന്ന ശുഭാപ്‍തി വിശ്വാസമാണ് സേവന മേഖലയിലെ കമ്പനികൾ പുലര്‍ത്തുന്നത്. പരസ്യം, ശക്തമായ ഡിമാൻഡ്, അനുകൂല വിപണി സാഹചര്യങ്ങൾ എന്നിവയാണ് ശുഭപ്രതീക്ഷകൾക്ക് കാരണമായി സര്‍വെയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിക്കുന്നത്.

മാനുഫാക്ചറിംഗ് മേഖലയുടെയും സേവനമേഖലയുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വിലയിരുത്തുന്ന എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ഔട്ട്‌പുട്ട് സൂചിക മേയില്‍ 61.6 ആണ്. ഏപ്രിലിലും ഇതേ നില തന്നെയായിരുന്നു. .ഭക്ഷണം, അസംസ്‍കൃത വസ്‍തുക്കള്‍, ഗതാഗതം, ശമ്പളം എന്നിവക്കെല്ലാമായുള്ള ചെലവിടല്‍ മേയില്‍ ഉയര്‍ന്നുവെന്നാണ് സേവന മേഖലയിലെ കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെലവുകളിലെ വര്‍ധനയുടെ ഫലമായി ചില കമ്പനികള്‍ സേവനങ്ങളുടെ നിരക്ക് ഉയര്‍ത്തി.

"വില വര്‍ധന ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കുകയും സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും, കമ്പനികൾക്ക് പ്രവർത്തന കാര്യക്ഷമത തേടാനും ഈ വെല്ലുവിളികളെ മറികടക്കാനും ബദൽ സോഴ്‌സിംഗ് ഓപ്ഷനുകൾ തേടേണ്ടതുണ്ട്," ലിമ പറഞ്ഞു.