1 Dec 2022 7:42 AM GMT
Summary
ഉത്പാദന മേഖലയിലെ നിര്‍മ്മാണ ചെലവുമായി (ഇന്‍പുട്ട് കോസ്റ്റ്) ബന്ധപ്പെട്ട പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.
മുംബൈ: ഇന്ത്യയില്‍ പണപ്പെരുപ്പം കുറയുന്നു എന്നതിന്റെ ശുഭസൂചനയുമായി ഉത്പാദന മേഖലയിലെ പര്‍ച്ചേസ് മാനുഫാക്ച്ചറിംഗ് ഇന്‍ഡക്‌സ് (പിഎംഐ) മൂന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ രാജ്യത്തെ ഉത്പാദന മേഖല മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ പിഎംഐ 55.7 ശതമാനമായി ഉയര്‍ന്നു.
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പത്തിന്റെ പിടിയില്‍ നിന്നും ഇന്ത്യയ്ക്ക് നേരിയ മോചനം ലഭിക്കുന്ന സാഹചര്യത്തില്‍ ഉത്പാദന മേഖലയിലെ നിര്‍മ്മാണ ചെലവുമായി (ഇന്‍പുട്ട് കോസ്റ്റ്) ബന്ധപ്പെട്ട പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലൊന്നായ ഇന്ത്യയില്‍ ഉപഭോക്തൃ പണപ്പെരുപ്പം ഇക്കഴിഞ്ഞ ഒക്ടോബറില്‍ 6.77 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറില്‍ ഇത് അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കായ 7.41 ശതമാനമായിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 19 മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 8.39 ശതമാനത്തിലെത്തി. 2021 മാര്‍ച്ചിലെ 7.98 ശതമാനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
എസ് ആന്‍ഡ് പി ഗ്ലോബല്‍ തയാറാക്കിയ പട്ടിക പ്രകാരം നവംബറിലെ പിഎംഐ 55.7 ശതമാനവും ഒക്ടോബറില്‍ 55.3 ശതമാനവുമാണ്. ഇത് തുടര്‍ച്ചയായ പതിനേഴാം മാസവും രാജ്യത്തെ ഉത്പാദന മേഖല വളര്‍ച്ചയുടെ പാതയിലാണ്.
ജിഡിപി വളര്‍ച്ച മന്ദഗതിയില്‍
രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 6.3 ശതമാനമായിട്ടാണ് കുറഞ്ഞത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 13.5 ശതമാനമായിരുന്നു. ഉത്പാദന മേഖല സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് വളര്‍ച്ചാ നിരക്ക് ഇഴയുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്.
റിയല്‍ ജിഡിപി വരുമാനം നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ഏകദേശം 38.17 ലക്ഷം കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 35.89 ലക്ഷം കോടി രൂപയായിരുന്നുവെന്നും, ഇക്കഴിഞ്ഞ രണ്ടാം പാദത്തില്‍ 6.3 ശതമാനം വളര്‍ച്ചയാണ് റിയല്‍ ജിഡിപിയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധി കുറയുന്ന സാഹചര്യത്തിലും രാജ്യത്തെ വാര്‍ഷിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.