image

2 Dec 2024 6:25 AM GMT

Economy

ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേ

MyFin Desk

survey shows decline in manufacturing sector growth
X

Summary

  • പിഎംഐ നവംബറില്‍ 56.5 ആയി കുറഞ്ഞു
  • 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്
  • ഒക്ടോബറില്‍ പിഎംഐ നിരക്ക് 57.5 ആയിരുന്നു


കടുത്ത മത്സരവും വില സമ്മര്‍ദ്ദവും മൂലം നവംബറില്‍ ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി ഒരു സ്വകാര്യ ബിസിനസ് സര്‍വേ വ്യക്തമാക്കുന്നു.എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഫൈനല്‍ ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) നവംബറില്‍ 56.5 ആയി കുറഞ്ഞു. 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നേരത്തെ ജനുവരിയില്‍ ഇത് 56.5 ആയിരുന്നു. ഒക്ടോബറില്‍ പിഎംഐ 57.5 ആയിരുന്നു.

സൂചികയില്‍ 50-ന് മുകളിലുള്ള കണക്ക് സമ്പദ് വ്യവസ്ഥയുടെ വികാസത്തെ സൂചിപ്പിക്കുന്നു, 50-ന് താഴെയുള്ളത് സങ്കോചത്തെയാണ് സൂചിപ്പിക്കുന്നത്.

പിഎംഐയെ കുറിച്ച് എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു: 'ഇന്ത്യ നവംബറില്‍ 56.5 മാനുഫാക്ചറിംഗ് പിഎംഐ രേഖപ്പെടുത്തി, മുന്‍ മാസത്തേക്കാള്‍ അല്പം കുറഞ്ഞു. പക്ഷേ ഇപ്പോഴും സമ്പദ് വ്യവസ്ഥ വികസന പാതയില്‍ത്തന്നെയാണ്. ശക്തമായ വിശാലാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര ഡിമാന്‍ഡ് തെളിവാണ്' അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 2024 ജൂലൈ-സെപ്റ്റംബറില്‍ ഏഴ് പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനമായി കുറയുകയും ചെയ്തു., മുന്‍ പാദത്തിലെ 6.7 ശതമാനത്തിനും 2023 ലെ അതേ കാലയളവിലെ 8.1 ശതമാനത്തിനും വളരെ താഴെയാണ് ഇത്. ഉല്‍പ്പാദനരംഗത്തെ ദുര്‍ബലമായ വളര്‍ച്ചയാണ് ഈ മാന്ദ്യത്തിന് പ്രധാന കാരണം.

അതേസമയം പലിശ നിരക്ക് അവലോകനം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഡിസംബര്‍ 4 മുതല്‍ 6 വരെ യോഗം ചേരും. 2023 ഫെബ്രുവരി മുതല്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്.

ആര്‍ബിഐ റിപ്പോ നിരക്ക് ഇത്തവണയും സ്ഥിരമായി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സെന്‍ട്രല്‍ ബാങ്ക് അതിന്റെ വളര്‍ച്ചാ പ്രവചനം 7.2 ശതമാനത്തില്‍ നിന്ന് കുറയ്ക്കുമെന്നും പണപ്പെരുപ്പ പ്രവചനം 4.5 ശതമാനത്തില്‍ നിന്ന് മുകളിലേക്ക് പരിഷ്‌കരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.