image

1 Nov 2023 7:04 AM GMT

Economy

മാനുഫാക്ചറിംഗ് വളര്‍ച്ച 8 മാസത്തിലെ താഴ്ന്ന നിലയില്‍

MyFin Desk

Indias manufacturing growth slowed to 55.5 in Oct
X

Summary

  • പുതിയ ഓര്‍ഡറുകളിലെ വളര്‍ച്ച ഒരു വര്‍ഷത്തിലെ താഴ്ന്ന നിലയില്‍
  • ബിസിനസ് ആത്മവിശ്വാസവും ഒക്റ്റോബറില്‍ കുറഞ്ഞു


ഒക്ടോബറിൽ ഇന്ത്യയിലെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച കുറഞ്ഞതായി എസ് & പി ഗ്ലോബലിന്‍റെ പ്രതിമാസ സര്‍വെ റിപ്പോര്‍ട്ട്. പുതിയ ഓർഡറുകൾ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗത്തിലാണ് വർധിച്ചത്.

സെപ്റ്റംബറിലെ 57.5ൽ നിന്ന് ഒക്റ്റോബറില്‍ ഇന്ത്യയുടെ പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്സ് (പിഎംഐ) 55.5 ആയി കുറഞ്ഞു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിപുലീകരണ നിരക്കാണിത്. എങ്കിലും തുടര്‍ച്ചയായ 28 -ാം മാസവും സൂചിക 50നു മുകളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. 50നു മുകളിലുള്ള പിഎംഐ മേഖലയുടെ വളര്‍ച്ചയെയും 50നു താഴെയുള്ളത് ഇടിവിനെയും സൂചിപ്പിക്കുന്നു.

"ചില സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിലവിലെ ആവശ്യകതയെ കുറിച്ച് ആശങ്ക ഉയർത്തി, പുതിയ ഓർഡറുകളുടെ സൂചിക ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു," എസ് & പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു. മുന്‍മാസത്തെ വളര്‍ച്ചയെ അപേക്ഷിച്ച് താഴെയാണെങ്കിലും പുതിയ ഓർഡറുകൾ, ഉൽപ്പാദനം, കയറ്റുമതി, വാങ്ങൽ നിലകൾ, വാങ്ങലുകളുടെ സ്റ്റോക്കുകൾ എന്നിവയിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിയമന പ്രവർത്തനം മങ്ങുകയും ബിസിനസ്സ് ആത്മവിശ്വാസം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വഴുതി വീഴുകയും ചെയ്തു.

സെപ്തംബർ മുതല്‍ വളർച്ചയില്‍ ഉണ്ടായ ഇടിവ് തുടരുന്നുവെന്നാണ് ഒക്ടോബർ ഡാറ്റ സൂചിപ്പിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ നിരക്ക് ഏപ്രിലിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലായിരുന്നു. സര്‍വെയില്‍ പങ്കെടുത്ത കമ്പനികളില്‍ 4 ശതമാനം മാത്രമാണ് തൊഴില്‍ ശേഷി ഉയര്‍ത്തിയത്. വിലയുടെ കാര്യത്തിൽ, ചെലവുകളുടെ സമ്മർദ്ദം കടുത്തു, അതേസമയം ഉൽപ്പന്ന വിലയിലെ കയറ്റം കുറഞ്ഞു.

ഏകദേശം 400 മാനുഫാക്ചറിംഗ് കമ്പനികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എസ്‍ & പി ഗ്ലോബല്‍ പ്രതിമാസ സര്‍വെ റിപ്പോര്‍ട്ട് തയാറാക്കുന്നത്.