20 Nov 2024 5:45 AM GMT
Summary
- വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക-സാമ്പത്തിക വളര്‍ച്ചാ ട്രയാംഗിള്‍ പദ്ധതി ക്ഫ്ബി മുഖേന നടപ്പാക്കും
- വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തും
- കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്
സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയെ ഊര്‍ജ്ജസ്വലമായ വ്യാവസായിക-സാമ്പത്തിക കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി. ഇതിനായി വ്യാവസായിക, സാമ്പത്തിക വളര്‍ച്ചാ പദ്ധതി നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക-സാമ്പത്തിക വളര്‍ച്ചാ ട്രയാംഗിള്‍ പദ്ധതി കിഫ്ബി മുഖേനയാകും നടപ്പാക്കുക. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തിന് പ്രയോജനം ചെയ്യുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പദ്ധതിയുടെ സാധ്യതയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തീരപ്രദേശങ്ങള്‍, മധ്യമേഖലകള്‍, മലയോര മേഖലകള്‍ എന്നിവ പ്രധാന റോഡ്, റെയില്‍ ശൃംഖലകളിലൂടെ വ്യവസായ ഇടനാഴിയില്‍ സംയോജിപ്പിച്ച് കേരളത്തിന്റെ സമഗ്ര വികസനം കൈവരിക്കുക എന്നതാണ് ലക്ഷ്യം.
ഗതാഗതം, ലോജിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവ സംയോജിപ്പിച്ച് വളര്‍ച്ചാ ത്രികോണങ്ങള്‍, വളര്‍ച്ചാ നോഡുകള്‍, ഉപ നോഡുകള്‍, ഇടനാഴികള്‍ എന്നിവ കേന്ദ്രീകരിച്ച് ഒരു വ്യാവസായിക മേഖലയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
പ്രധാന ഹൈവേകള്‍ക്കും റെയില്‍ ശൃംഖലകള്‍ക്കും സമീപമുള്ള പ്രദേശങ്ങളില്‍ ആ പ്രദേശങ്ങളുടെ തനത് സ്വഭാവസവിശേഷതകളെ അടിസ്ഥാനമാക്കി, ആഗോള തലത്തില്‍ മത്സരിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുക പദ്ധതിയുടെ ലക്ഷ്യമാണ്-മന്ത്രി പറഞ്ഞു.