1 Jan 2023 2:24 PM GMT
Summary
- സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയിൽ 9-മത് സ്‌ഥാനം മാത്രമുള്ള സംസ്ഥാനമാണ് കേരളം എന്നാണ് കണക്കുകൾ പറയുന്നത്.
- വരുമാനത്തിൽ ഏകദേശം 70 ശതമാനവും പെൻഷൻ, ശമ്പളം, പലിശയിനത്തിൽ കൊടുത്തു തീർക്കുമ്പോൾ വികസനത്തിന് പണമെവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുകയെന്നതാണ് പുതു വർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം.
- കേരള സർക്കാരിന്റെ കടമെടുപ്പ് കുറഞ്ഞ ഒരു വർഷം കൂടിയായിരുന്നു 2022.
കൊച്ചി: നേട്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ച് 2022 കടന്നു പോകുമ്പോൾ സാമ്പത്തികമായി കേരളം കുതിച്ചുയർന്നോ അല്ലെങ്കിൽ അടിപതറിയോ എന്ന് നമുക്ക് നോക്കാം.
സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയിൽ 9-മത് സ്‌ഥാനം മാത്രമുള്ള സംസ്ഥാനമാണ് കേരളം എന്നാണ് കണക്കുകൾ പറയുന്നത്. വ്യവസായികമായ പിന്നോക്കാവസ്ഥയാണ് ഇതിനു പ്രധാന കാരണം. ഭൂപ്രകൃതിയും ജന സാന്ദ്രതയും ഇതിന്റെ മറ്റ് കാരണങ്ങളായി പറയാറുണ്ടെങ്കിലും പരിസ്ഥിതി പ്രശ്നങ്ങളും വികസനത്തിന് വിലങ്ങു തടിയാവുന്നത് കണ്ടു വരുന്നുണ്ട്.
വടക്കൻ കേരളത്തെയും തെക്കൻ കേരളത്തെയും ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽ പാത എന്ന ലക്ഷ്യത്തോടെ നടപ്പാക്കാനിരുന്ന സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി ശക്തമായ എതിർപ്പുകൾ മൂലം നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത് ഈ വർഷമാണ്.
മറ്റൊന്ന്, അദാനിയുടെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തിനടുത്തു വിഴിഞ്ഞത് നിർമിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനെതിരെ ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധമാണ്. വ്യാപകമായ അക്രമത്തിനും വിഴിഞ്ഞം പോലീസ് സ്റ്റേഷൻ നശീകരണത്തിനും കാരണമായെങ്കിലും പദ്ധതി നടപ്പാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേരളത്തിന്റെ മറ്റൊരു വമ്പൻ പദ്ധതിയായിരുന്ന കൊച്ചി മെട്രോ 2022ലും നഷ്ടത്തിൽ തന്നെ ഓടി എന്നത് ആശങ്കയുണർത്തുന്നുണ്ട്.
എങ്കിലും കേരളത്തിന്റെ സ്മാർട്ട് സിറ്റിയും ടെക്നോ പാർക്കുമൊക്കെ കൂടുതൽ സജീവമാകുന്നു എന്നത് ആശാവഹമാണ്. കേരളം സ്റ്റാർട്ടപ് മിഷനും സംസ്ഥാനത്തിന്റെ ടെക്‌നോളജിയിലെ മുൻകൈ സംരക്ഷിക്കാൻ ധാരാളം പ്രവർത്തനങ്ങൾ നടത്തിയ വർഷമാണ് ഇപ്പോൾ അവസാനിക്കുന്ന 2022. ഡിസംബറിൽ കോവളത് നടന്ന ഹഡിൽ ഗ്ലോബൽ സംഗമത്തിൽ പങ്കെടുത്തത് 3000 -ത്തിലേറെ സംരംഭകരാണ്.
ഇയർ ഓഫ് എന്റർപ്രൈസസ് കാമ്പെയ്ൻ 2022 ന് കീഴിൽ ഒരു ലക്ഷം പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ യൂണിറ്റുകൾ എന്ന ലക്ഷ്യം കടക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു എന്നതും നിസാര കാര്യമല്ല. ഈ വർഷം ഏപ്രിൽ ഒന്നിന് കാമ്പയിൻ ആരംഭിച്ചതിന് ശേഷം എറണാകുളത്തും മലപ്പുറത്തും പതിനായിരത്തിലധികം പുതിയ എംഎസ്എംഇകൾ രജിസ്റ്റർ ചെയ്തുവെന്നാണ് വ്യവസായ വകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുന്ന കാഴ്ചയാണ് 2002 ലെ ആശാവഹമായ ഒരു കാര്യം.
ഓഹരിവിപണിയുടെ കാര്യം നോക്കിയാൽ, 2022 ൽ 19 കേരളാ കമ്പനികളാണ് നിക്ഷേപകർക്ക് നേട്ടം നൽകിയത്. കേരളത്തിൽ നിന്നും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള നാല് ബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്ക് ധനലക്ഷ്മി ബാങ്ക് ഫെഡറൽ ബാങ്ക് സി എസ് ബി ബാങ്ക് എന്നിവയെല്ലാം നേട്ടം കാഴ്ചവെച്ചു. ഫിനാൻഷ്യൽ സർവീസ് മേഖലയിൽ നിന്നും മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപിറ്റൽ, ജിയോജിത് എന്നിവയും നിക്ഷേപകർക്ക് ലാഭം പകർന്നിട്ടുണ്ട്.
2022 ഒക്ടോബർ 17 നാണു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേരള സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയത്. എന്നാലും, കേരളത്തിൽ ഇനിയുള്ള മറ്റ് മൂന്ന് എയർപോർട്ടുകൾ കയ്യിലുണ്ടെന്ന് സംസ്ഥാന സർക്കാരിന് സമാധാനിക്കാം.
2020ൽ ഇന്ത്യയിൽ ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത കേരളം 2022 അവസാനിക്കുമ്പോൾ കോവിഡിൽ നിന്ന് മിക്കവാറും മുക്തമായിക്കഴിഞ്ഞത് ഏറ്റവും ആശ്വാസം പകരുന്നു. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് 2023 ജനുവരി 27-നു ഉണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും കേരളത്തിന്റെ സാമ്പത്തികമായ മുന്നേറ്റത്തിന് അത് എത്രമാത്രം ഊന്നൽ നല്കുമെന്നത് കാണേണ്ടിയിരിക്കുന്നു.
കേരള സർക്കാരിന്റെ കടമെടുപ്പ് കുറഞ്ഞ ഒരു വർഷം കൂടിയായിരുന്നു 2022. ഔദ്യോഗിക കണക്കുകൾ പ്രകാരം സാമ്പത്തിക വർഷത്തിലെ ആദ്യ 8 മാസം സർക്കാർ കടമെടുത്തത് 19,887.82 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 41,772.49 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു എന്നതുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനം കുറവേ എടുത്തിട്ടുള്ളു.
എന്നാൽ, വരുമാനത്തിൽ ഏകദേശം 70 ശതമാനവും പെൻഷൻ, ശമ്പളം, പലിശയിനത്തിൽ കൊടുത്തു തീർക്കുമ്പോൾ വികസനത്തിന് പണമെവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുകയെന്നതാണ് പുതു വർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം.