image

26 Nov 2024 3:13 AM GMT

Economy

വികസനത്തിന് വിദേശനിക്ഷേപം; സഹകരണം തേടി മധ്യപ്രദേശും

MyFin Desk

madhya pradesh also seeks foreign investment and cooperation for development
X

Summary

  • എംപി സർക്കാർ വിദേശ നിക്ഷേപകരെ ലക്ഷ്യമിടുന്നു
  • ഭോപ്പാലില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് യുകെയ്ക്ക് ക്ഷണം
  • യുകെയിലെ വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും ചൊവ്വാഴ്ച ഇന്ററാക്ടീവ് സെഷന്‍ നടത്തും


സംസ്ഥാനത്തിന്റെ പുരോഗതിതിക്കായി മധ്യപ്രദേശും വിദേശ നിക്ഷേപവും സഹകരണവും തേടുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴ് ദിവസത്തെ അന്താരാഷ്ട്ര സന്ദര്‍ശനത്തിലാണ്. മധ്യപ്രദേശും യുകെയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് (എപിപിജി) അംഗങ്ങളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

''ഇത് സന്ദര്‍ശനത്തിന്റെ വളരെ ഫലപ്രദമായ തുടക്കമാണ്, ഈ സമയത്ത് സംസ്ഥാനത്തിന്റെ പുരോഗതിക്കുള്ള എല്ലാ സാധ്യതകളും പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് നിക്ഷേപത്തിന്റെ കാര്യത്തിലായാലും യുകെയുമായുള്ള സഹകരണത്തിലായാലും,'' യാദവ് പറഞ്ഞു.

''നല്ല നിക്ഷേപസാധ്യതയുണ്ടെന്നും എന്നാല്‍ അതിലുപരിയായി, സാങ്കേതിക വിദ്യ, ഖനനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഘനവ്യവസായങ്ങള്‍ എന്നിങ്ങനെയുള്ള നവീകരണത്തിന്റെ ആശയങ്ങള്‍ വലിയ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നത് സന്തോഷകരമാണ്,'' അദ്ദേഹം പറഞ്ഞു.

ഇന്ത്യ എപിപിജി പ്രസിഡന്റ് ബറോണസ് സാന്‍ഡി വര്‍മ്മയോടൊപ്പം യുകെ പാര്‍ലമെന്റും മോഹന്‍ യാദവ് സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പാര്‍ലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

'ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ പ്രാദേശിക വ്യവസായ കോണ്‍ക്ലേവുകളും നിക്ഷേപ ഉച്ചകോടികളും വമ്പിച്ച വിജയം കണ്ടു. ആഗോള നിക്ഷേപകര്‍ മധ്യപ്രദേശിന്റെ വളര്‍ച്ചയില്‍ അതീവ താല്പര്യം കാണിക്കുന്നു. ഇത് സുഗമമാക്കുന്നതിന്, വിടവുകള്‍ നികത്തുന്നതിനും അന്താരാഷ്ട്ര സഹകരണത്തിന് സുഗമമായ പാത സൃഷ്ടിക്കുന്നതിനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്', രാഷ്ട്രപിതാവിന് പുഷ്പാഞ്ജലി അര്‍പ്പിച്ചതിന് ശേഷം അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കാര്‍ഷികം, പുനരുപയോഗ ഊര്‍ജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ സുസ്ഥിരമായ വളര്‍ച്ചയും അനന്തമായ സാധ്യതകളും സംയോജിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വികസനത്തില്‍ മധ്യപ്രദേശ് മുന്‍പന്തിയിലാണെന്നും യാദവ് പറഞ്ഞു.

2025 ഫെബ്രുവരിയില്‍ ഭോപ്പാലില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കായി മധ്യപ്രദേശില്‍ ഒരു 'പങ്കാളി രാജ്യം' ആയി ചേരാന്‍ അദ്ദേഹം യുകെയെ ക്ഷണിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോമോട്ടീവ്, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുകെയിലെ വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും ചൊവ്വാഴ്ച മുഖ്യമന്ത്രി ഒരു ദിവസം നീളുന്ന ഇന്ററാക്ടീവ് സെഷന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.