10 Feb 2024 9:09 AM GMT
Summary
- 128 പദ്ധതികളിലായി 33,771 തൊഴിലവസരങ്ങള്‍
- ബെംഗളൂരു റൂറലിന് പുറത്തും പദ്ധതികള്‍
കര്‍ണാടകയില്‍ 6400കോടിയുടെ പദ്ധതികള്‍ക്ക് സംസ്ഥാന തല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റിയുടെ അംഗീകാരം. 128 പദ്ധതികളിലായി 33,771 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ഇതെന്ന് വ്യവസായമന്ത്രി എം ബി പാട്ടീല്‍ പറയുന്നു.
ബെംഗളൂരു ആസ്ഥാനമായുള്ള ഗോകുല എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ (മെഡിക്കല്‍), രാഷ്ട്രീയ ശിക്ഷണ സമിതി ട്രസ്റ്റ് എന്നിവ യഥാക്രമം 484.33 കോടി രൂപയും 415 കോടി രൂപയും നിക്ഷേപിക്കാന്‍ സമര്‍പ്പിച്ച പ്രൊപ്പോസലുകളും പാനല്‍ ഗ്രീന്‍ലൈറ്റ് ചെയ്ത മാര്‍ക്വീ പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നു.
കര്‍ണാടക ഉദ്യോഗ് മിത്ര (കെയുഎം) ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി, 128 പദ്ധതികള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ തുല്യമായ നിക്ഷേപം ഉറപ്പാക്കുമെന്ന് പറഞ്ഞു. 50 കോടിയിലധികം വരുന്ന നിക്ഷേപ മൂല്യമുള്ള 22 പദ്ധതികള്‍ക്ക് ക്ലിയറന്‍സ് കമ്മിറ്റി അനുമതി നല്‍കി. 22 നിര്‍ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 24,846 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള മൊത്തം 4,230.64 കോടി രൂപയുടെ നിക്ഷേപം ലഭിക്കും. 15 കോടി മുതല്‍ 50 കോടി രൂപ വരെയുള്ള 104 പുതിയ പ്രോജക്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച രണ്ട് നിര്‍ദ്ദേശങ്ങളില്‍ നിലവിലുള്ള പദ്ധതികള്‍ക്ക് മൂലധനത്തിന്റെ അധിക നിക്ഷേപം ആവശ്യമാണ്. ഈ രണ്ട് നിര്‍ദേശങ്ങളിലൂടെയും സംസ്ഥാനത്ത് 120.50 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകും.
ബംഗളൂരുവിലും പരിസരങ്ങളിലും അംഗീകാരം നേടിയ മെഗാ നിക്ഷേപ പദ്ധതികള്‍ക്ക് പുറമേ, കര്‍ണാടകയുടെ ഭാഗമായി മറ്റ് ജില്ലകളില്‍ 200 കോടിയിലധികം രൂപയുടെ നിര്‍ദേശങ്ങള്‍ കമ്മിറ്റി പരിഗണിക്കുകയുണ്ടായി.
ബെലഗാവിയില്‍ മെഷീന്‍ഡ് കാസ്റ്റിംഗ് സ്ഥാപിക്കാനുള്ള ജയാദി ടെക്മാക് പ്രൈവറ്റ് ലിമിറ്റഡിന്റെ 485 കോടിയുടെ നിര്‍ദ്ദേശവും ബെംഗളൂരു റൂറലില്‍ ധാരിവാള്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 465 കോടി രൂപയുടെ നിക്ഷേപവും ബെംഗളൂരു റൂറലിന് പുറത്തുള്ള ജില്ലകളില്‍ അംഗീകരിച്ച വലിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.