image

16 Aug 2023 6:11 AM GMT

Economy

ജൂലൈയില്‍ വിലക്കയറ്റത്തോത് 7.4%;14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

MyFin Desk

Ininflation in July
X

Summary

ഭക്ഷ്യവസ്തുക്കളുടെ വില 13 % ഉയർന്നു


ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ജൂലൈയില്‍ 7.44 ശതമാനമായി ഉയര്‍ന്നു. പതിനഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. 2022 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ചില്ലറവിലക്കയറ്റത്തോത് ഏഴു ശതമാനത്തിനു മുകളിലെത്തുന്നത്. ജൂണിലിത് 4.87 ശതമാനമായിരുന്നു. 2022 ജൂലൈയിലിത് 6.71 ശതമാനമായിരുന്നു.

തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില 37.3 ശതമാനം ഉയര്‍ന്നപ്പോള്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില 13 ശതമാനവും സുഗന്ധവ്യജ്ഞനങ്ങളുടെ വില 21.6 ശതമാനവും ഉയര്‍ന്നു. തക്കാളി വില മൂന്നു മാസക്കാലത്ത് 1200 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ചില്ലറവിലക്കയറ്റത്തോതില്‍ ഭക്ഷ്യവസ്തുക്കളുടെ വെയിറ്റേജ് 50 ശതമാനത്തിനടത്തുവരും.

ഭക്ഷ്യവസ്തുക്കളുടെ മൊത്തവിലക്കയറ്റത്തോത് ജൂലൈയില്‍ 7.75 ശതമാനം ഉയര്‍ന്നിരുന്നു. ജുണിലിത് 1.24 ശതമാനമായിരുന്നു. എന്നാല്‍ മൊത്തവിലക്കയറ്റത്തോത് ജൂലായില്‍ 1.36 ശതമാനം കുറഞ്ഞിരുന്നു.

ഓഗസ്റ്റിലെ ഭക്ഷ്യവിലകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ചില്ലറവിലക്കയറ്റത്തോത് 6.5 ശതമാനത്തിനു മുകളില്‍നില്‍ക്കുമെന്ന സൂചനയാണ് അതു നല്‍കുന്നത്.

റിസര്‍വ് ബാങ്കിന്റെ ആറു ശതമാനം സഹനീയനിലയ്ക്ക് മുകളിലാണ് ചില്ലറവിലക്കയറ്റത്തോത്. വിലക്കയറ്റത്തോത് ഉയര്‍ന്നുവെങ്കിലും ഓഗസ്റ്റ് എട്ടിലെ പണനയത്തില്‍ റിസര്‍വ് ബാങ്ക് റീപോ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആവശ്യമെങ്കില്‍ നടപടിക്കു മടിക്കില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരകമ്മി 2067 കോടി ഡോളര്‍

രാജ്യത്തിന്റെ വ്യാപാരകമ്മി ജൂലൈയില്‍ 2067 കോടി ഡോളറായി കുറഞ്ഞു.

ജൂലൈയിലെ കയറ്റുമതി 3225 കോടി ഡോളറും ഇറക്കുമതി 5292 കോടി ഡോളറുമാണ്. മുന്‍വര്‍ഷമിതേ കാലയളവില്‍ കയറ്റുമതി 3834 കോടി ഡോളറും ഇറക്കുമതി 6377കോടി ഡോളറുമായിരുന്നു. വ്യാപാരകമ്മി 2543 കോടി ഡോളറുമായിരുന്നു.

2023 ജൂണിലിത് യഥാക്രമം 3297 കോടി ഡോളറും 5310 കോടി ഡോളറും വീതമായിരുന്നു.