29 Oct 2024 3:06 PM GMT
Summary
- നിലവിലുള്ള കമ്പനികള്‍ക്ക് പുതുതന്ത്രങ്ങള്‍ തയ്യാറാക്കേണ്ടി വരും
- മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ മികവുള്ള കമ്പനിയാണ് ജിയോ പേയ്മെന്റ് സൊല്യൂഷന്‍സെന്ന് വിലയിരുത്തല്‍
ഒരു ഓണ്‍ലൈന്‍ പേയ്മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കുന്നതിന് ജിയോ പേയ്മെന്റ് സൊല്യൂഷന്‍സിന് ആര്‍ബിഐ അംഗീകാരം. ഈ അംഗീകാരം ജിയോ പേയ്മെന്റിനെ കൂടുതല്‍ സുഗമമാക്കും. ഒക്ടോബര്‍ 28 മുതല്‍ അംഗീകാരം പ്രാബല്യത്തില്‍ വന്നു.
അംഗീകാരത്തിലൂടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ബാങ്ക് ട്രാന്‍സ്ഫറുകള്‍, ഇ-വാലറ്റുകള്‍, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേയ്മെന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കുന്നതിന് ജിയോ പേയ്മെന്റ് സൊല്യൂഷന്‍സിനെ ആര്‍ബിഐ അനുവദിക്കുന്നു.
ആര്‍ബിഐ അംഗീകരിച്ച ഓണ്‍ലൈന്‍ പേയ്മെന്റ് അഗ്രഗേറ്ററുകളുടെ എക്സ്‌ക്ലൂസീവ് ഗ്രൂപ്പില്‍ ജിയോ പേയ്മെന്റ് ചേരുന്നതിനാല്‍ ഈ വികസനം വളരെ പ്രധാനമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് അഗ്രഗേറ്റര്‍ കമ്പനികള്‍ക്ക് ജിയോയുടെ കടന്നുവരവ് കനത്ത വെല്ലുവിളി ഉയര്‍ത്തും എന്നാണ് കരുതപ്പെടുന്നത്.
ഈ രംഗത്ത് പുതിയ കാല്‍വെയ്പുകള്‍ കമ്പനി നടത്തുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഈ മേഖലയില്‍ കമ്പനികളുടെ തന്ത്രങ്ങള്‍ അഴിച്ചുപണിയേണ്ടിവരും എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. കമ്പനിയുടെ തുടക്കത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന കാഷ് ബാക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ജിയോ പഖ്യാപിച്ചേക്കും.
ജിയോ പേയ്മെന്റ് സൊല്യൂഷന്‍സിന് അംഗീകാരം ലഭിച്ച സമയവും അവര്‍ക്ക് അനുകൂലമാണ്. പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് പേടിഎമ്മിനെ നേരത്തെ റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു. അവര്‍ ഒരു തിരിച്ചുവരവിന് ശ്രമിക്കുന്നതേയുള്ളു. ഈ സാഹചര്യം ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സേവന വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാന്‍ ജിയോ പേയ്മെന്റിനെ സഹായിക്കും.
ജിയോയ്ക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ലാന്‍ഡ്സ്‌കേപ്പിലെ ഒരു സുപ്രധാന പ്ലെയറായി സ്വയം സ്ഥാനം നേടാനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജിയോ പേയ്മെന്റ്സ് ഇന്ത്യയുടെ വളരുന്ന ഫിന്‍ടെക് വിപണിയില്‍ മികച്ച മത്സരം കാഴ്ചവെയ്ക്കും എന്ന് വിലയിരുത്തപ്പെടുന്നു.
ഒരു പേയ്മെന്റ് അഗ്രഗേറ്റര്‍ എന്ന നിലയില്‍, ജിയോ പേയ്മെന്റ് സൊല്യൂഷന്‍സ് ബിസിനസുകളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കും. ഉപഭോക്താക്കളില്‍ നിന്ന് വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ സ്വീകരിക്കാനും ഒന്നിലധികം പ്ലാറ്റ്ഫോമുകളിലുടനീളം സാമ്പത്തിക ഇടപാടുകള്‍ കാര്യക്ഷമമാക്കാനും അവരെ അനുവദിക്കുന്നു.