image

18 Feb 2024 8:30 AM GMT

Economy

സമ്പദ് വ്യവസ്ഥയില്‍ ജപ്പാനെ മറികടന്ന് ജര്‍മ്മനി

MyFin Desk

japan hit rock bottom, the world is on the brink of recession
X

Summary

  • അന്താരാഷ്ട്ര പിരിമുറുക്കങ്ങള്‍, ഡിമാന്‍ഡിലെ ഇടിവ് മാന്ദ്യ ഭീഷണിയുയര്‍ത്തി നിരവധി ഘടകങ്ങള്‍
  • ആറാം സ്ഥാനത്തുള്ള യുകെയുടെ കാര്യവും പരുങ്ങലില്‍
  • ഇന്ത്യ നിക്ഷേപ കേന്ദ്രമായി വളരുകയാണ്‌


ഉദയ സൂര്യന്റെ നാട്' 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യം' ജപ്പാനും യുകെയ്ക്കുമുള്ള വിശേഷണങ്ങളാണ്. കേവലമൊരു വിശേഷണം മാത്രമല്ല ഇത്. എത്രമാത്രം ശക്തവും സമ്പന്നവുമാണ് ഈ രാജ്യങ്ങളെന്ന് തുറന്നു കാട്ടുന്നതുകൂടിയാണ്. പക്ഷേ, ഇതൊക്കെയും പഴങ്കഥയാകുന്ന സ്ഥിതിയാണ് നിലവിലേത്. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന ജപ്പാന് ആ സ്ഥാനം നഷ്ടപ്പെട്ടു. ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്ന യുകെയാകട്ടെ പ്രതിസന്ധിഘട്ടത്തിലുമാണ്.

ഇരു രാജ്യങ്ങളും മാന്ദ്യത്തിലേക്ക് വീഴുന്നു എന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ആഗോളതലത്തില്‍ തന്നെ ഞെട്ടലുണ്ടാക്കുന്നതാണ്. സ്വാഭാവികമായും മറ്റ് പ്രധാന രാജ്യങ്ങള്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഇത് എങ്ങനെ ബാധിക്കും എന്നുള്ള നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുമുണ്ട്. ആഗോള വ്യാപാരം, അന്താരാഷ്ട്ര സംഭവവികാസങ്ങളിലെ പ്രതികൂലാവസ്ഥയും കണക്കിലെടുക്കുമ്പോള്‍ ഈ രണ്ട് രാജ്യങ്ങളുടെയും മാന്ദ്യം ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ എങ്ങനെ ബാധിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

വീഴ്ച്ചയ്ക്കു മുമ്പ്

മാന്ദ്യത്തില്‍ മുങ്ങുന്നതിനു മുമ്പുള്ള ഇരു രാജ്യങ്ങളുടെയും അവസ്ഥയെന്താണെന്നു നോക്കാം. മാന്ദ്യത്തിന് അത്ര കൃത്യവും നിയമപരവുമായ നിര്‍വ്വചനം ഇല്ല. പൊതുവേ, ഒരു രാജ്യത്തിന്റെ ജിഡിപി തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ നെഗറ്റീവാകുമ്പോഴാണ് ആ രാജ്യം മാന്ദ്യത്തിലാണ് എന്ന് പറയുന്നത്.

ഈ വര്‍ഷം ജനുവരി 23 നാണ് ബാങ്ക് ഓഫ് ജപ്പാന്‍ ' ഔട്ട്‌ലുക്ക് ഫോര്‍ ഇക്കണോമി' റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മിതമായ വേഗതയില്‍ വീണ്ടെടുക്കുന്നത് തുടരുമെന്നാണ് അനുമാനം. ഡിമാന്‍ഡ് പതിയെ ഉയരുന്നതാണ് ഇതിനു കാരണം. എന്നിരുന്നാലും ആഗോള സമ്പദ് വ്യവസ്ഥകളിലെ തിരിച്ചുവരവ് മന്ദഗതിയിലാകുന്നത് ജപ്പാന്റെ സമ്പദ് വ്യവസ്ഥയെയും സമ്മര്‍ദ്ദത്തിലാക്കിയേക്കാം.

രണ്ടാമതായി, ഇറക്കുമതി ചെലവിലെ വര്‍ധനവ് 2024 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ (ഉപഭോക്തൃ വില സൂചിക) യിലെ വാര്‍ഷിക വളര്‍ച്ച രണ്ട് ശതമാനമായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇടക്കാല-ദീര്‍ഘകാല പണപ്പെരുപ്പവും വേതന വര്‍ധനയും കൂടും എന്നുള്ള പ്രതീക്ഷയില്‍ പോസിറ്റീവ് ഔട്ട്പുട്ട് ഗ്യാപ് കൊണ്ടുവന്ന് വില സ്ഥിരത നേടാനാകുമെന്നാണ് ബാങ്ക് ഓഫ് ജപ്പാന്‍ വിശ്വസിക്കുന്നത്.

കൂടാതെ, ജപ്പാന്റെ കോര്‍പ്പറേറ്റ് ലാഭവും ബിസിനസ് താല്‍പര്യങ്ങളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അതോടൊപ്പം ബിസിനസുകളുടെ മൂലധന ചെലവഴിക്കല്‍ (കാപിറ്റല്‍ എക്‌സ്പന്‍ഡീച്ചര്‍) മിതമായ ഉയര്‍ച്ചയിലാണ്.

യുകെയിലേക്ക് വരുമ്പോള്‍ പണപ്പെരുപ്പം നിര്‍ണായക ആശങ്കയായി തുടരുന്നുവെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. പണപ്പെരുപ്പ ലക്ഷ്യം രണ്ട് ശതമാനമാണ് പക്ഷേ, ഏകദേശം നാല് ശതമാനത്തിലാണ് ഇപ്പോഴുള്ളത്.

വിതരണ ശൃംഖലയിലെ തടസങ്ങള്‍, ഊര്‍ജ്ജ ചെലവുകളിലെ വര്‍ധന എന്നിവ മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ബിസിനസുകളിലെ സമ്മിശ്ര സൂചനകളും സമീപകാല സാമ്പത്തിക ഗതിയിലെ അനിശ്ചിതത്വത്തെക്കുറിച്ച് ഊന്നല്‍ നല്‍കുന്നുണ്ട്.



എന്താണ് വീഴ്ച്ചയ്ക്ക് കാരണം, എങ്ങനെ ബാധിച്ചു

ജനുവരിയിലാണ് ബാങ്ക് ഓഫ് ജപ്പാന്‍ മൂന്നാം പാദത്തില്‍ ജിഡിപി 0.4 ശതമാനം ചുരുങ്ങിയതായി പ്രഖ്യാപിച്ചത്. രണ്ടാം പാദത്തില്‍ 2.9 ശതമാനമാണ് ചുരുങ്ങിയത്. ഈ ഇടിവിനുള്ള പ്രധാന കാരണം ആളുകള്‍ പണം ചെലഴിക്കാന്‍ മടി കാണിക്കുന്നതു മൂലം മൊത്തത്തിലുള്ള ഡിമാന്‍ഡിലുണ്ടായ കുറവാണ്. കൂടാതെ, പ്രായമായ ആളുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതും വിലക്കയറ്റവും ജപ്പാനെ പ്രശ്‌നത്തിലേക്ക് തള്ളിവിടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

യുകെയെ സംബന്ധിച്ചിടത്തോളം മൂന്നാം പാദത്തില്‍ ജിഡിപിയില്‍ 0.3 ശതമാനമാണ് കുറവുണ്ടായത്. രണ്ടാം പാദത്തില്‍ 0.1 ശതമാനമാണ് ഇടിഞ്ഞത്. കോവിഡ് വ്യാപനം മുതല്‍ യുകെയിലെ സമ്പദ്‌വ്യവസ്ഥ അസ്ഥിരത അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ വര്‍ധിച്ചു വരുന്ന ജീവിതച്ചെലവാണ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജപ്പാനെപ്പോലെ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന ഊര്‍ജ്ജ ചെലവുകള്‍, ബ്രെക്‌സിറ്റിനു ശേഷമുള്ള അനിശ്ചിതത്വങ്ങള്‍ എന്നിവയെല്ലാം ബ്രിട്ടന്റെ ജിഡിപി ഇടിവിന് കാരണമാണ്.

ഇന്ത്യയും മറ്റ് പ്രധാന സമ്പദ് വ്യവസ്ഥകളും ഈ അപകട സാധ്യത എങ്ങനെ കൈകാര്യം ചെയ്യും?

ഇന്ത്യ നിലവില്‍ ആഗോള സാമ്പത്തിക ഭൂമികയില്‍ നിക്ഷേപത്തിന് അനുകൂലമായ ഇടമാണ്. രാജ്യം 2024-25 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന സിപിഐ (ഉപഭോക്തൃ വില സൂചിക) 4.5 ശതമാനമാണ്. അതിനാല്‍, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടതിന്റെ ഫലമായി കമ്മി കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കൂടാതെ, വ്യാപാര കമ്മി കുറഞ്ഞതോടെ രാജ്യത്തെ അറ്റ ഡിമാന്‍ഡ് മെച്ചപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന റിയല്‍ ജിഡിപി അനുമാനം ഏഴ് ശതമാനമാണ്. എന്നാലും ജപ്പാനിലെയും യുകെയിലെയും മാന്ദ്യം വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം.

ഇന്ത്യയുടെ വ്യാപാര പങ്കാളികളില്‍ നിന്നുള്ള ഡിമാന്‍ഡ് ഗണ്യമായി കുറയുന്നത് ആഭ്യന്തര കയറ്റുമതിയെ ബാധിക്കും, പ്രത്യേകിച്ച് ഐടി, ഓട്ടോ മേഖലകളില്‍. എഫ്പിഐ, എഫ്‌ഐഐ, എഫ്ഡിഐ എന്നിവയിലെ വിദേശ ഫണ്ടുകളുടെ വരവിനെയും ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം ബാധിച്ചേക്കാം.

മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ മറ്റ് സമ്പദ്വ്യവസ്ഥകളിലേക്കും വ്യാപിക്കാം. യുക്രെയിന്‍-റഷ്യ സംഘര്‍ഷം, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം, ചെങ്കടല്‍ പ്രതിസന്ധി എന്നിങ്ങനെ യുഎസും യൂറോസോണും അവരുടേതായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.

ചുരുക്കത്തില്‍, ഈ രാജ്യങ്ങളിലെ മാന്ദ്യം ആഗോള സമ്പദ്വ്യവസ്ഥയുടെ പരസ്പര ബന്ധത്തെയാണ് എടുത്തുകാണിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സജീവമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സങ്കീര്‍ണ്ണമായ സമ്പദ് വ്യവസ്ഥകളുടെ ഗതി പല ബാഹ്യ ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതാണ് അതിനാല്‍ കൃത്യമായ ദിശ നിര്‍ണ്ണയിക്കല്‍ ഇപ്പോള്‍ സാധ്യമല്ല.