6 Jun 2023 8:02 AM GMT
Summary
- 2025-ഓടെ ലിസ്റ്റഡ് കമ്പനികള്‍ക്ക്, ഒരു വനിതാ ബോര്‍ഡ് അംഗമെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കാനും കരട് ലക്ഷ്യമിടുന്നുണ്ട്
- 2.2 ശതമാനം കമ്പനികള്‍ക്ക് മാത്രമാണു 30 ശതമാനത്തിലധികം വനിത എക്സിക്യൂട്ടീവുമാരുള്ളത്
- വലിയൊരു സാമൂഹിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍
2030-ഓടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മുന്‍നിര സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരില്‍ 30 ശതമാനം പേര്‍ സ്ത്രീകളായിരിക്കണമെന്നു നിര്‍ദേശിക്കുന്ന കരട് ജപ്പാന്‍ പുറത്തിറക്കി. ജെന്‍ഡര്‍ ഇക്വാലിറ്റി ബ്യൂറോയാണ് കരട് ജൂണ്‍ അഞ്ചിനു പുറത്തിറക്കിയത്. ഇന്നൊവേഷനും വളര്‍ച്ചയ്ക്കും ഇത് ഏറെ സഹായകരമായി തീരുമെന്നും കരടില്‍ ചൂണ്ടിക്കാണിച്ചു. കരടിന് ഈ മാസം അവസാനത്തോടെ സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജപ്പാനിലെ പ്രമുഖ ലിസ്റ്റഡ് കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രൈം മാര്‍ക്കറ്റില്‍ ഉള്ളവയ്ക്ക് ഏകദേശം 2025-ഓടെ ഒരു വനിതാ ബോര്‍ഡ് അംഗമെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കാനും കരട് ലക്ഷ്യമിടുന്നുണ്ട്. എങ്കില്‍ മാത്രമായിരിക്കും 30 ശതമാനം എന്ന ലക്ഷ്യം 2030-ല്‍ കൈവരിക്കാനാകൂ.
പ്രൈം മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ജാപ്പനീസ് സ്ഥാപനങ്ങളില്‍ 18.7 ശതമാനത്തിനും 2022 ജൂലൈ വരെയുള്ള കണക്ക്പ്രകാരം വനിതാ ബോര്‍ഡ് അംഗങ്ങളില്ലായിരുന്നു. 2.2 ശതമാനം കമ്പനികള്‍ക്ക് മാത്രമാണു 30 ശതമാനത്തിലധികം വനിത എക്സിക്യൂട്ടീവുമാരുള്ളത്.
ലൈംഗികാതിക്രമങ്ങളില്‍ നിന്നും മറ്റ് തരത്തിലുള്ള അക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനും, ജോലിസ്ഥലത്തെ പീഡനം തടയാനും ഇതിലൂടെ സാധിക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ട്.
മാര്‍ച്ചില്‍ ലോകബാങ്ക് പുറത്തിറക്കിയ സ്ത്രീകള്‍ക്കുള്ള സാമ്പത്തിക അവസരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ 190 രാജ്യങ്ങളില്‍ ജപ്പാന്റെ സ്ഥാനം 104 ആയിരുന്നു.
2022-ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ജെന്‍ഡര്‍ ഗ്യാപുമായി ബന്ധപ്പെട്ട റാങ്കിംഗില്‍ 140 രാജ്യങ്ങളില്‍ വച്ച് ജപ്പാന്റെ സ്ഥാനം 116-ും ആയിരുന്നു. സ്ത്രീകള്‍ക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യവും പുതിയ പദ്ധതിയുടെ മറ്റൊരു ഭാഗമാണ്. കാരണം പല ജാപ്പനീസ് സ്ത്രീകളും കുട്ടികളുണ്ടായതിന് ശേഷം മോശം വേതനം ലഭിക്കുന്ന ജോലികള്‍ക്ക് നിര്‍ബന്ധിതരാകുകയാണ്. ഇത്തരം സാഹചര്യം ഒഴിവാക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
സാങ്കേതികമായും സാമ്പത്തികമായും കരുത്തേറിയതാണെങ്കിലും വലിയൊരു സാമൂഹിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. വൃദ്ധരുടെ എണ്ണം വര്‍ധിക്കുന്നു എന്നതിനൊപ്പം ജനസംഖ്യയും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് രാജ്യത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
സര്‍ക്കാര്‍ പിന്തുണയുള്ള പ്രോഗ്രാമില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന സംരംഭകരില്‍ 20 ശതമാനം പേരും സ്ത്രീകളായിരിക്കണമെന്ന ലക്ഷ്യത്തോടെ ജാപ്പനീസ് ഗവണ്‍മെന്റ് സ്ത്രീകളെ അവരുടെ സ്വന്തം കമ്പനികള്‍ തുടങ്ങാനും പ്രോത്സാഹിപ്പിക്കും. ഇപ്പോള്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്ന സ്ത്രീസംരംഭകര്‍ 8.8 ശതമാനമാണെന്നാണ് കണക്ക്.