22 Nov 2023 8:00 AM GMT
Summary
- യുഎസ് സ്റ്റോക്കുകള്‍ ആഗോള ഓഹരികള്‍ക്ക് അപകടസാധ്യതയുള്ള സ്രോതസ്സുകളായി തുടരുന്നു
സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ഇന്ത്യ നിയന്ത്രിച്ചുവെങ്കിലും, ബാഹ്യ സാമ്പത്തിക സ്രോതസുകളും വിലക്കയറ്റവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നുവെന്ന് ധനമന്ത്രാലയം പറഞ്ഞു. രൂപയുടെ മൂല്യത്തെയും പേയ്മെന്റ് ബാലന്‍സ് സ്ഥിതിയെയും ഇത് പ്രതികൂലമായി ബാധിക്കും. ആഗോള മാന്ദ്യത്തിനിടയില്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രതിരോധ ശേഷിയുള്ളതാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.9 ശതമാനം ധനക്കമ്മി ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കേന്ദ്രം പൊതു ധനകാര്യത്തില്‍ ഉണ്ടായേക്കാവുന്ന ആഘാതത്തിന് തെല്ല് ആശ്വാസം നല്‍കിയതാണ്. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ്. ആഭ്യന്തര ഡിമാന്റ് ശക്തമായിരുന്നു. പണ നയപോളിസികള്‍ ഈ ഡിമാന്റിനെ അല്‍പ്പമെങ്കിലും ശമിപ്പിച്ചേക്കാമെന്നാണ് ഒക്ടോബറിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍ ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
യു.എസിലെ നിരക്ക് വര്‍ധനയുടെ ദ്രുതഗതിയിലുള്ള മാറ്റവും യു എസ് 10 വര്‍ഷത്തെ ട്രഷറി യീല്‍ഡിലെ ഇടിവും എണ്ണവിലയിലുണ്ടായ ഇടിവും ഇന്ത്യ ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്ക് ഒരു നല്ല വാര്‍ത്തയായിരുന്നു. എന്നിരുന്നാലും, യുഎസ് സ്റ്റോക്കുകള്‍ ആഗോള ഓഹരികള്‍ക്ക് അപകടസാധ്യതയുള്ള സ്രോതസ്സുകളായി തുടരുന്നതായി മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ ഗ്രാമീണ ഡിമാന്‍ഡ് തുടര്‍ച്ചയായ മൂന്നേറ്റം നിലനിര്‍ത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ നിന്നുള്ള സ്ഥിരവരുമാനവും പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒപ്പം തന്നെ ഉല്‍പാദനം ഉയര്‍ന്നതും വില്‍പ്പനയിലെ വിപുലീകരണവും ഉല്‍പാദനമേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. അനുകൂലമായ ഡിമാന്റ് സാഹചര്യങ്ങളും പുതിയ ബിസിനസുകളുടെ ശക്തമായ ഒഴുക്കും കാരണം സേവന പ്രവര്‍ത്തനങ്ങളും വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉത്സവ സീസണ്‍ ഉപഭോഗ ആവശ്യകതയെ കൂടുതല്‍ ശക്തിപ്പെടുത്തി. സമ്പാദ്യവും തൊഴിലില്ലായ്മ നിരക്കും ഉപഭോഗ ആവശ്യകതയുടെ അടിസ്ഥാന ശക്തിയാണ്, റിയല്‍ എസ്റ്റേറ്റ് വിലക്കയറ്റം, ഇക്വിറ്റി മാര്‍ക്കറ്റുകളുടെ വര്‍ദ്ധിച്ചുവരുന്ന മൂലധനവല്‍ക്കരണം എന്നിവയില്‍ നിന്നുള്ള സമ്പത്തിന്റെ സ്വാധീനവും ഉപഭോഗത്തെ ശക്തിപ്പെടുത്തിയേക്കാമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.
ഈ വര്‍ഷം ഇത് വരെ വളര്‍ച്ചയുടെ ഏറ്റവും ശക്തമായ മുന്നേറ്റത്തിലേക്ക് നയിച്ച ഘടകമായി സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (പിഎഫ്‌സിഇ- ചരക്കുകളുടെയും സേവനങ്ങളുടെയും അന്തിമ ഉപഭോഗത്തിനായി റസിഡന്റ് ഹൗസുകളും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും (NPISH) നടത്തുന്ന ചെലവാണ്) വളരെ ഉയര്‍ന്നിട്ടുണ്ട്.