13 Dec 2023 5:34 AM GMT
Summary
- ഒക്റ്റോബറിനെ അപേക്ഷിച്ച് രാജ്യത്തെ ഉള്ളി വില നവംബറില്‍ 48% വർധിച്ചു
- വിലക്കയറ്റം ഏറ്റവും കുറവുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം
- ഡല്‍ഹിയിലാണ് വിലക്കയറ്റം ഏറ്റവും കുറവുള്ളത്
നവംബറിലും വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി തുടര്‍ന്ന് കേരളം. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ തോത് ദേശീയ തലത്തില്‍ ഒക്റ്റോബറിലെ 4.87 ശതമാനത്തില്‍ നിന്ന് നവംബറില്‍ 5 .55 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അതേസമയം കേരളത്തിന്‍റെ വിലക്കയറ്റം ഒക്റ്റോബറിലെ 4.26 ശതമാനത്തില്‍ നിന്ന് 4.8 ശതമാനത്തിലേക്ക് കൂടി.
വിലക്കയറ്റം ഏറ്റവും കുറവുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഡല്‍ഹി (3.10%), ഛത്തീസ്ഗഢ് (3.56%), ജമ്മു കശ്മീര്‍ (3.80%), ബംഗാള്‍ (4.65%) എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തേക്കാള്‍ കുറഞ്ഞ വിലക്കയറ്റം രേഖപ്പെടുത്തിയത്. കേരളത്തിലെ ഗ്രാമങ്ങളിലെ പണപ്പെരുപ്പം 4.02 ശതമാനത്തില്‍ നിന്ന് 4.57 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.62ല്‍ നിന്ന് 5.22 ശതമാനത്തിലേക്കും വര്‍ധിച്ചിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന വിലക്കയറ്റ നിരക്കായ 4 ശതമാനത്തിന് മുകളിലാണ് തുടര്‍ച്ചയായ 50-ാം മാസവും രാജ്യത്തെ വിലക്കയറ്റം രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും കേന്ദ്ര ബാങ്കിന്‍റെ സഹന പരിധിയായ 2 ശതമാനത്തിലും 6 ശതമാനത്തിനും ഇടയില്‍ വിലക്കയറ്റം തുടരുന്നു എന്നത് ആശ്വാസകരമാണ്. അടിസ്ഥാന പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതില്‍ ആര്‍ബിഐ-യെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് സിപിഐ വിലക്കയറ്റം.
കരയിപ്പിച്ച് തക്കാളിയും ഉള്ളിയും
ഒക്റ്റോബറിനെ അപേക്ഷിച്ച് ഉള്ളി വിലയിലുണ്ടായ 48 ശതമാനം വർധനയും തക്കാളിയുടെ വിലയിലുണ്ടായ 41 ശതമാനം വർദ്ധനയും കാരണം പച്ചക്കറികളുടെ വില സൂചിക നവംബറില്‍ 5.0 ശതമാനം പ്രതിമാസ വളര്‍ച്ച രേഖപ്പെടുത്തി.ഉരുളക്കിഴങ്ങിന്റെ വില സൂചിക ഒരു ശതമാനം കുറഞ്ഞുവെന്നും സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു.
മുട്ടയുടെ വില മുന്‍ മാസത്തെ അപേക്ഷിച്ച് 2.8 ശതമാനം വർധിച്ചു. പയർവർഗ്ഗങ്ങൾ (1.6 ശതമാനം), പഞ്ചസാര (1.2 ശതമാനം), ധാന്യങ്ങൾ (0.9 ശതമാനം) എന്നിവയും ശക്തമായ വില വര്‍ധന പ്രകടമാക്കി. അതേസമയം, പഴങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും വില മുന്‍ മാസത്തെ അപേക്ഷിച്ച് യഥാക്രമം 0.4 ശതമാനവും 0.2 ശതമാനവും കുറഞ്ഞു.
മൊത്തത്തിൽ, ഭക്ഷ്യ വിലക്കയറ്റം ഒക്ടോബറിലെ 6.61 ശതമാനത്തിൽ നിന്ന് നവംബറിൽ 8.70 ശതമാനമായി ഉയർന്നു.
ഭക്ഷണം ഒഴികെയുള്ള വിഭാഗങ്ങളില്‍ വിലക്കയറ്റ തോത് കുറയുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിന്‍റെ ഫലമായി, ഇന്ധനവും ഭക്ഷ്യ വസ്തുക്കളും മാറ്റിനിര്‍ത്തി കണക്കാക്കുന്ന മുഖ്യ പണപ്പെരുപ്പം മുൻ മാസത്തെ 4.3 ശതമാനത്തിൽ നിന്ന് നവംബറിൽ 4.1 ശതമാനത്തിലേക്ക് കുറഞ്ഞു.