2 Jun 2023 8:01 AM GMT
Summary
- ജൂലൈ 1957-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്
- വലിയൊരു രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് പാകിസ്ഥാന്‍
- അയല്‍രാജ്യമായ ശ്രീലങ്കയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരമൊരു സാഹചര്യമാണ് ഉണ്ടായിരുന്നത്
പാക്കിസ്ഥാന്റെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2023 മെയ് മാസത്തില്‍ റെക്കോഡിട്ടു. 2022 മെയ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ 38 ശതമാനമാണ് ഉയര്‍ന്നത്. ഇത് ജൂലൈ 1957-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഭക്ഷണം, വീട് വാടക, വൈദ്യുതി, ഗ്യാസ് ബില്ലുകള്‍, ഗതാഗതം എന്നിവയുടെ കുതിച്ചുയരുന്ന ചെലവുകളാണ് ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്ക് നയിച്ചതെന്ന് പാകിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ജൂണ്‍ രണ്ടാം തീയതി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചു.
നിലവില്‍ വലിയൊരു രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് പാകിസ്ഥാന്‍. ഉയര്‍ന്ന വിദേശ കടം, ദുര്‍ബലമായ കറന്‍സി, ക്ഷയിക്കുന്ന വിദേശനാണ്യ കരുതല്‍ ശേഖരം എന്നിവയുമായി പൊരുതുകയാണ് പാകിസ്ഥാന്‍.
ലഹരിപാനീയങ്ങളുടെയും പുകയിലയുടെയും വിലക്കയറ്റം 123.96 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗതാഗതമേഖലയില്‍ 52.92, വിനോദ-സാംസ്‌കാരിക മേഖലയില്‍72.17 ശതമാനവും വിലക്കയറ്റം രേഖപ്പെടുത്തി.
സിഗരറ്റ്, ഉരുളക്കിഴങ്ങ്, ഗോതമ്പ് പൊടി, ചായ, ഗോതമ്പ്, മുട്ട, അരി എന്നിവയ്ക്കും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ വില വര്‍ധിച്ചു. ഭക്ഷ്യേതര വിഭാഗത്തില്‍ പാഠപുസ്തകങ്ങള്‍, സ്്‌റ്റേഷനറികള്‍, ഇന്ധനം, വാഷിംഗ് സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, തീപ്പെട്ടികള്‍ എന്നിവയ്ക്ക് വില വര്‍ധനയുണ്ടായി.
ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. അവര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ ശരാശരി വര്‍ദ്ധന മെയ് മാസം 42.2 ശതമാനം വര്‍ദ്ധിച്ചു. ജനസംഖ്യയുടെ ഭൂരിഭാഗവും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്.
നഗരങ്ങളില്‍ പണപ്പെരുപ്പ നിരക്ക് 35.1 ശതമാനമായും ഉയര്‍ന്നു.
ഭക്ഷ്യവിലക്കയറ്റം ഗ്രാമപ്രദേശങ്ങളില്‍ 52.4 ശതമാനമായും നഗരങ്ങളില്‍ 48.1 ശതമാനമായും ഉയര്‍ന്നു.
എല്ലാ വീട്ടിലെയും പ്രധാന ആഹാരമായ മാവിന്റെ (flour) വില ഏകദേശം 100 ശതമാനം ഉയര്‍ന്നപ്പോള്‍ ഗോതമ്പിന്റെ വില ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 95 ശതമാനമാണ് ഉയര്‍ന്നത്.
അയല്‍രാജ്യമായ ശ്രീലങ്കയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരമൊരു സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ പണപ്പെരുപ്പത്തില്‍ ശ്രീലങ്കയെ മറികടന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ പണപ്പെരുപ്പം 25.2 ശതമാനമാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കുകയും സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍ കൂടുതല്‍ മോശമാക്കുകയും ചെയ്‌തേക്കും.