image

13 Dec 2023 6:49 AM GMT

Economy

വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

MyFin Desk

industrial production growth at 16-month high
X

Summary

  • ഉല്‍പ്പാദനം, ഊര്‍ജ്ജം, ഖനനം എന്നീ മേഖലകളിലെ ഉല്‍പ്പാദനത്തില്‍ ഇരട്ട അക്ക വളര്‍ച്ച
  • ഖനന മേഖലയിലെ ഉല്‍പ്പാദനം ഒരു വര്‍ഷം മുന്‍പ് 2.6 ശതമാനം വളര്‍ച്ചയായിരുന്നു. അത് ഈ വര്‍ഷം 13.1 ശതമാനമായി ഉയര്‍ന്നു
  • 2023-24 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഐഐപി വളര്‍ച്ച 6.9 ശതമാനമാണ്


ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച ഈ വര്‍ഷം ഒക്ടോബറില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11.7 ശതമാനമായി ഉയര്‍ന്നു. പ്രധാനമായും ഉല്‍പ്പാദനം, ഊര്‍ജ്ജം, ഖനനം എന്നീ മേഖലകളിലെ ഉല്‍പ്പാദനത്തില്‍ ഇരട്ട അക്ക വളര്‍ച്ചയാണ് ഉണ്ടായതെന്ന് ചൊവ്വാഴ്ച (ഡിസംബര്‍ 12) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കിയ ഫാക്ടറി ഉല്‍പ്പാദന വളര്‍ച്ച 2022 ഒക്ടോബറില്‍ 4.1 ശതമാനം ചുരുങ്ങിയിരുന്നു.

2022 ജൂണില്‍ 12.6 ശതമാനമായിരുന്നു ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന വളര്‍ച്ച.

2023-24 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഐഐപി വളര്‍ച്ച 6.9 ശതമാനമാണ്.

ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 5.3 ശതമാനമായിരുന്നു.

2020 മാര്‍ച്ച് മുതലുള്ള കോവിഡ്-19 പാന്‍ഡെമിക്കിന്റെ അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുന്‍വര്‍ഷത്തെ അനുബന്ധ കാലയളവിലെ വളര്‍ച്ചാ നിരക്ക് വ്യാഖ്യാനിക്കേണ്ടതാണ്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട ഐഐപി ഡാറ്റ പ്രകാരം, ഉല്‍പ്പാദന മേഖലയുടെ ഉല്‍പ്പാദനം 2023 ഒക്ടോബറില്‍ 10.4 ശതമാനം വളര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 5.8 ശതമാനമായിരുന്നു.

2023 ഒക്ടോബറില്‍ വൈദ്യുതി ഉല്‍പ്പാദനം 20.4 ശതമാനം ഉയര്‍ന്നു. മുന്‍വര്‍ഷം വളര്‍ച്ച 1.2 ശതമാനമായിരുന്നു.

ഖനന മേഖലയിലെ ഉല്‍പ്പാദനം ഒരു വര്‍ഷം മുന്‍പ് 2.6 ശതമാനം വളര്‍ച്ചയായിരുന്നു. അത് ഈ വര്‍ഷം 13.1 ശതമാനമായി ഉയര്‍ന്നു.

ക്യാപിറ്റല്‍ ഗുഡ്‌സ് വിഭാഗം ഒക്ടോബറില്‍ 22.6 ശതമാനം വളര്‍ച്ച കൈവരിച്ചു. മുന്‍വര്‍ഷം 2.4 ശതമാനം ചുരുങ്ങിയിരുന്നു.

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉല്‍പ്പാദനം 15.9 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷം 18.1 ശതമാനം ചുരുങ്ങിയിരുന്നു.

കണ്‍സ്യൂമര്‍ നോണ്‍ ഡ്യൂറബിള്‍ ഗുഡ്‌സ് ഉല്‍പ്പാദനം 8.6 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷം 13 ശതമാനം ചുരുങ്ങിയിരുന്നു.

ഇന്‍ഫ്രാസ്ട്രക്ചര്‍ / കണ്‍സ്ട്രക്ഷന്‍ ഗുഡ്‌സ് 11.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.