4 April 2025 10:20 AM
Summary
- 2100 ശതമാനത്തിന്റെ വളര്‍ച്ചയാണ് സുരക്ഷിതമല്ലാത്ത വായ്പകളിലുണ്ടായിട്ടുള്ളത്
- നിലവില്‍ ആര്‍ബിഐ സുരക്ഷിതമല്ലാത്ത വായ്പകള്‍ നിയന്ത്രിക്കുന്നുണ്ട്
ഇന്ത്യയില്‍ സബ് പ്രൈം ബബിള്‍ എന്ന വായ്പാകെണി പ്രതിഭാസം. രാജ്യത്ത് വായ്പ കെണിയില്‍ വീണ് ദശലക്ഷകണക്കിന് കുടുംബങ്ങള്‍. ചെറുകിട വായ്പാ മേഖല തകര്‍ച്ചയുടെ വക്കിലെന്നും മുന്നറിയിപ്പ്.
വായ്പ തിരിച്ചടിവിന് ശേഷിയില്ലാത്തവര്‍ക്ക് ഈടില്ലാത്ത വായ്പ നല്‍കുകയും പിന്നീട് വായ്പാദാതാക്കള്‍ പ്രതിസന്ധിയില്‍ പെടുകയും ചെയ്യുന്നതിനെയാണ് സബ് പ്രൈം ബബിള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യ ഇതേ അവസ്ഥയിലാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
അമേരിക്കയിലാണ് ഈ സാമ്പത്തിക പ്രതിഭാസം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 2100 ശതമാനത്തിന്റെ വായ്പ വളര്‍ച്ചയാണ് സുരക്ഷിതമല്ലാത്ത വായ്പകളിലുണ്ടായിട്ടുള്ളത്.
എന്നാല്‍ ഈ കടം എടുത്തവരില്‍ 68 ശതമാനവും ദുരിതത്തിലാണ്. തിരിച്ചടവ് മുടങ്ങുന്നവരുടെ നിരക്ക് 2023 ജൂണില്‍ വെറും 0.8% ആയിരുന്നു, ഇന്ന് 3.3% ആയി ഉയര്‍ന്നു. ഇത് കടം വാങ്ങിയവരുടെ വന്‍ സാമ്പത്തിക ബുദ്ധിമുട്ട് സൂചിപ്പിക്കുന്നു.
കൂടാതെ 27% വായ്പക്കാരും പഴയ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ പുതിയ വായ്പകള്‍ എടുക്കുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടി. 2022ല്‍, റിസര്‍വ് ബാങ്ക് മൈക്രോഫിനാന്‍സ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. വരുമാന യോഗ്യതാ പരിധിയും പലിശ നിരക്ക് പരിധികളും നീക്കം ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലനമാണ് വായ്പ വളര്‍ച്ചയിലുണ്ടായത്.
അതേസമയം, നിലവില്‍ റിസര്‍വ് ബാങ്ക് ശക്തമായ നിരീക്ഷണ സംവിധാനത്തിലൂടെ സുരക്ഷിതമല്ലാത്ത വായ്പകള്‍ നിയന്ത്രിക്കുന്നുണ്ട്. ഇത് ക്രമേണ ഫലം കണ്ട് തുടങ്ങുമെന്നാണ് പ്രതീക്ഷ.