5 July 2023 7:12 AM
Summary
- ഉല്‍പ്പന്ന വിലകള്‍ ദശാബ്ദത്തിലെ ഉയര്‍ന്ന നിരക്കില്‍ ഉയരുന്നു
- ഈ വര്‍ഷം പലിശ നിരക്കുകള്‍ കുറയ്ക്കാനിടയില്ലെന്ന് നിഗമനം
- ആവശ്യകത ശക്തമായ നിലയില്‍ തുടരുന്നു
ഇന്ത്യയുടെ സേവന മേഖലയുടെ വളർച്ച ജൂണിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞുവെന്ന് ഇന്ന് പുറത്തിറങ്ങിയ പ്രതിമാസ സർവേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക മേയിലെ 61.2 ൽ നിന്ന് ജൂണിൽ 58.5 ആയി കുറഞ്ഞു. മേയ് മാസത്തെ അപേക്ഷിച്ച് ഇടിവാണെങ്കിലും സേവന മേഖലയുടെ വളര്‍ച്ച ശക്തമായി മുന്നോട്ടുപോകുന്നു എന്നു തന്നെയാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആവശ്യകത ശക്തമായി തുടരുന്നുവെന്ന് സേവന ദാതാക്കള്‍ വ്യക്തമാക്കുന്നു. ഇത് പുതിയ ബിസിനസ്സ് വോള്യങ്ങളിൽ ശക്തമായ വർദ്ധനവിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി.
തുടർച്ചയായ 23-ാം മാസമാണ്, പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് (പിഎംഐ) 50ന് മുകളില്‍ എത്തുന്നത്. സൂചികയില്‍ 50നു മുകളിലുള്ള നില വളര്‍ച്ചയെയും അതിനു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു. പുതിയ ബിസിനസുകളിലെ വർധന, ആരോഗ്യകരമായ ഡിമാൻഡ് അന്തരീക്ഷം, വിപണന സംരംഭങ്ങൾ എന്നിവ വളര്‍ച്ചയെ നയിക്കുന്നുവെന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു. "ഇന്ത്യൻ സേവനങ്ങൾക്കായുള്ള ആവശ്യം ജൂണിൽ ഉയർന്നുകൊണ്ടിരുന്നു, നിരീക്ഷിക്കപ്പെടുന്ന നാല് ഉപമേഖലകളും പുതിയ ബിസിനസുകളുടെ വരവിൽ വേഗത്തിലുള്ള വർധന രേഖപ്പെടുത്തി," എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.
വിലയുടെ കാര്യത്തിൽ, സമ്മിശ്ര പ്രവണതകളാണ് ജൂണില്‍ പ്രകടമായത്. ഇൻപുട്ട് ചെലവുകൾ മന്ദഗതിയിലുള്ള നിരക്കിലാണ് ഉയർന്നത്. എന്നാല്‍ ചാര്‍ജുകളിലെ പണപ്പെരുപ്പം ആറു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലായിരുന്നു. മാനുഫാക്ചറിംഗ് മേഖലയിലെ കണക്കുകള്‍ കൂടി ചേര്‍ത്തുവെക്കുമ്പോള്‍, സ്വകാര്യ മേഖലയില്‍ പൊതുവില്‍ ഉല്‍പ്പന്ന വിലകള്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലാണ് ഉയര്‍ന്നത്. സര്‍വെയില്‍ പങ്കെടുത്ത 10% പേരാണ് പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതായി രേഖപ്പെടുത്തിയത്. ഭക്ഷണം, നിർമ്മാണ സാമഗ്രികൾ, വേതനം എന്നിവയ്ക്കുള്ള ചെലവ് ഉയര്‍ന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി.
"ഉല്‍പ്പന്ന വിലകള്‍ സംബന്ധിച്ച ഏറ്റവും പുതിയ പിഎംഐ ഫലങ്ങൾ സൂചിപ്പിക്കുന്നത്, 2023ല്‍ പലിശനിരക്ക് കുറയാൻ സാധ്യതയില്ല എന്നാണ്, ഭക്ഷണ വിലകളിലെ അപകടസാധ്യതകളും മുന്നിലുണ്ട്, "ലിമ പറഞ്ഞു. തുടർച്ചയായ രണ്ട് ധനനയ അവലോകന യോഗങ്ങള്‍ക്കു ശേഷവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. പലിശ നിരക്കുകള്‍ മയപ്പെടുത്താന്‍, വളർച്ചാ വേഗത നിലനിർത്തിക്കൊണ്ട് പണപ്പെരുപ്പം കൂടുതൽ മിതമാകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്ന സൂചന ജൂണ്‍ 8 ലെ യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നല്‍കിയിരുന്നു.
ആവശ്യകതയിലെ കൂടുതല്‍ വര്‍ധന, അനുകൂലമായ വിപണി സാഹചര്യങ്ങൾ, മെച്ചപ്പെട്ട ഉപഭോക്തൃ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങളുടെ ഫലമായി ജൂണിൽ ബിസിനസ്സ് ആത്മവിശ്വാസം വർധിച്ചതായി സർവേ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ വളര്‍ച്ചാ സാധ്യതകള്‍ സംബന്ധിച്ച് 2023ല്‍ കമ്പനികൾ പ്രകടമാക്കിയ ഏറ്റവും വലിയ ശുഭപ്രതീക്ഷയാണ് ജൂണില്‍ കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
അതേസമയം, എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ഔട്ട്പുട്ട് സൂചിക മേയ് മാസത്തിലെ 61.6ൽ നിന്ന് ജൂണിൽ 59.4 ആയി കുറഞ്ഞു. മാനുഫാക്ചറിംഗ് മേഖലയിലെയും സേവന മേഖലയിലെയും കണക്കുകളുടെ സംയോജനമാണിത്. മേയിനെ അപേക്ഷിച്ച് ഇത് ഇടിവാണ് പ്രകടമാക്കുന്നത് എങ്കിലും കുത്തനേയുള്ള വളര്‍ച്ചയുടെ നിരക്ക് തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്.
സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 400 കമ്പനികളില്‍ നിന്ന് സമാഹരിച്ച പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ തയാറാക്കിയിട്ടുള്ളത്.