5 Dec 2023 7:05 AM
Summary
- ദീർഘകാല ശരാശരി കണക്കിലെടുക്കുമ്പോൾ ആഗോര്യകരമായ വളര്‍ച്ച
- നിയമനങ്ങള്‍ ഏഴു മാസത്തിനിടയിലെ താഴ്ന്ന നിലയില്‍
- ഇന്‍പുട്ട് ചെലവുകളിലും സേവന ഫീസുകളിലും ഉണ്ടായ വര്‍ധന എട്ട് മാസത്തെ താഴ്ന്ന നിലയില്‍
ഇന്ത്യയിലെ സേവന മേഖലയുടെ വളർച്ച നവംബറിൽ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്ന് എസ് & പി ഗ്ലോബലിന്‍റെ പ്രതിമാസ സർവേ റിപ്പോര്‍ട്ട്. വില സമ്മർദങ്ങൾ കുറയുന്നുണ്ടെങ്കിലും, പുതിയ തൊഴിൽ നിയമനങ്ങളിലും ഉൽപ്പാദനത്തിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് മൃദുവായ വിപുലീകരണമാണ് രേഖപ്പെടുത്തിയത്.
എസ് & പി ഗ്ലോബൽ ഇന്ത്യ സർവീസസ് ബിസിനസ് ആക്ടിവിറ്റി സൂചിക ഒക്ടോബറിലെ 58.4 ൽ നിന്ന് നവംബറിൽ 56.9 ആയി കുറഞ്ഞു. ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. എങ്കിലും വിപുലീകരണ നിരക്ക് ദീർഘകാല ശരാശരിയെ അപേക്ഷിച്ച് ശക്തമായി തുടരുകയാണ്.
പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്സ് (പിഎംഐ) , 50-ന് മുകളിലാണെങ്കില്‍ അത് മേഖലയുടെ വിപുലീകരണത്തെയും 50 ന് താഴെയാണെങ്കില്‍ മേഖലയുടെ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്. 400 ഓളം സേവനമേഖലാ കമ്പനികള്‍ക്ക് അയച്ച ചോദ്യാവലിയുടെ പ്രതികരണങ്ങളിൽ നിന്നാണ് സർവേ സമാഹരിച്ചിരിക്കുന്നത്.
ശക്തമായ വളര്‍ച്ച തുടരുന്നു
"മൂന്നാം പാദത്തിന്റെ മധ്യത്തിൽ ഇന്ത്യയുടെ സേവന മേഖലയ്ക്ക് കൂടുതൽ വളർച്ചാ വേഗത നഷ്ടപ്പെട്ടു, എന്നാൽ സേവന മേഖലയിലെ ആവശ്യകത ശക്തമായി തന്നെ തുടരുകയാണ്.പണപ്പെരുപ്പം ഉയരുമെന്ന വിലയിരുത്തലുകള്‍ മൂലം ശുഭാപ്തിവിശ്വാസം മങ്ങുന്നുവെങ്കിലും ബിസിനസ് പ്രവർത്തനങ്ങളെ കുറിച്ചുള്ള വീക്ഷണം ശോഭനമായി തുടരുകയാണ്. ദീർഘകാല ശരാശരി കണക്കിലെടുക്കുമ്പോൾ നിലവിലെ വിപുലീകരണ നിരക്ക് വളരെ ആരോഗ്യകരമാണ്," എസ് & പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു. .
ഇന്‍പുട്ട് ചെലവുകളിലും സേവന ഫീസുകളിലും ഉണ്ടായ വര്‍ധന എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. “ കുറച്ച് കമ്പനികൾ മാത്രമാണ് അവരുടെ ഫീസ് ഉയര്‍ത്തിയത്. ഇത് ഡിമാന്‍ഡിനെ കൂടുതല്‍ ഉയര്‍ത്താന്‍ സഹായകമാണ്.
ബിസിനസ് വലിയ അളവില്‍ സ്ഥിരത പുലര്‍ത്തുന്നതിന്‍റെ അടിസ്ഥാനത്തില്‍ സേവന കമ്പനികൾ റിക്രൂട്ട്‌മെന്‍റ് ഒരു പരിധിവരെ ഒഴിവാക്കി. തൊഴിലാളികളുടെ എണ്ണം നവംബറിൽ ഉയർന്നുവെങ്കിലും, പുതിയ തൊഴില്‍ സൃഷ്ടികള്‍ ഏഴ് മാസത്തിനിടയിലെ താഴ്ന്നതായിരുന്നു. അടുത്ത ഒരു വര്‍ഷക്കാലത്തെ പ്രകടനത്തെ കുറിച്ച് ഭൂരിപക്ഷം കമ്പനികളും ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുന്നു.
കോംപോസിറ്റ് പിഎംഐ
അതേസമയം, മാനുഫാക്ചറിംഗ് മേഖലയുടെയും സേവന മേഖലയുടെയും പ്രവര്‍ത്തനത്തെ ചേര്‍ത്തു കണക്കാക്കുന്ന എസ് & പി ഗ്ലോബൽ ഇന്ത്യ കോമ്പോസിറ്റ് പിഎംഐ സൂചിക ഒക്ടോബറിലെ 58.4 ൽ നിന്ന് നവംബറിൽ 57.4 ആയി കുറഞ്ഞു. ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കാണിത്. അതേസമയം, റിസർവ് ബാങ്ക് ഈ ആഴ്‌ച നടക്കുന്ന പണ നയ അവലോകനത്തിൽ ഹ്രസ്വകാല പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ സാധ്യതയുണ്ട്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള പണനയ സമിതി (എംപിസി) യോഗം ഡിസംബർ ആറിന് ആരംഭിക്കും. ആറംഗ സമിതിയുടെ തീരുമാനം ഡിസംബർ എട്ടിന് ദാസ് പ്രഖ്യാപിക്കും.