image

12 July 2023 1:01 PM GMT

Economy

ജൂണില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്ന് 4.81%ല്‍

MyFin Desk

retail inflation picked up in june
X

Summary

  • ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂണിൽ 4.49 %
  • പണപ്പെരുപ്പം 3 മാസത്തിലെ ഉയര്‍ന്ന നിലയില്‍
  • മേയലെ പണപ്പെരുപ്പം 4.31 % എന്ന് തിരുത്തി


രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.81 ശതമാനത്തിലേക്ക് ഉയർന്നു, പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് സിപിഐ പണപ്പെരുപ്പം ഉയരുന്നതിലേക്ക് നയിച്ചത്.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മെയ് മാസത്തിൽ 4.31ഉം (നേരത്തേ പ്രഖ്യാപിച്ചിരുന്ന 4.25 എന്നത് അവസാന വിലയിരുത്തലില്‍ തിരുത്തി) 2022 ജൂണിൽ 7 ശതമാനവും ആയിരുന്നു. മുന്‍മാസങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നെങ്കിലും പണപ്പെരുപ്പം ഇപ്പോഴും ആർബിഐയുടെ സഹന പരിധിയായ 6 ശതമാനത്തിൽ താഴെയാണ്. 2022 മാർച്ചിൽ രേഖപ്പെടുത്തിയ 5.66 ശതമാനമാണ് ഇതിന് തൊട്ടു മുന്‍പുള്ള ഏറ്റവും ഉയർന്ന സിപിഐ.

ചില്ലറ പണപ്പെരുപ്പം 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര ബാങ്കിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രബാങ്ക് തങ്ങളുടെ ധനനയ അവലോകനത്തില്‍ പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുത്തത്തെയാണ്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂണിൽ 4.49 ശതമാനമാണ്, മെയ് മാസത്തിലെ 2.96 ശതമാനത്തേക്കാൾ ഏറെ ഉയർന്നതാണ് ഇത്.

കഴിഞ്ഞ മാസം, റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകൾ മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിർത്തിയിരുന്നു., നടപ്പ് സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 5.1 ശതമാനമാകുമെന്നും ജൂൺ പാദത്തിലെ പണപ്പെരുപ്പം 4.6 ശതമാനമാകുമെന്നുമാണ് ആര്‍ബിഐയുടെ നിഗമനം.