17 Oct 2024 9:19 AM GMT
Summary
- ബദല്‍, ജൈവ ഇന്ധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്ക് സാധ്യത
- മെഥനോള്‍ മേഖലയില്‍ ഇന്ത്യ നടത്തുന്നത് മികച്ച മുന്നേറ്റം
- ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ ആക്കുക ലക്ഷ്യം
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് കുത്തനെ കുറയുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിതി ആയോഗ് സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തിനുള്ളില്‍ ലോജിസ്റ്റിക് ചെലവ് 9 ശതമാനമായി കുറയുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മന്ത്രാലയം നിരവധി ഹൈവേകളും എക്‌സ്പ്രസ് വേകളും നിര്‍മ്മിക്കുകയാണ്. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ലോജിസ്റ്റിക്സ് ചെലവുകള്‍ ജിഡിപിയുടെ 7.8 ശതമാനം മുതല്‍ 8.9 ശതമാനം വരെയായിരുന്നു.
കൂടാതെ ബദല്‍ ഇന്ധനങ്ങളും ജൈവ ഇന്ധനങ്ങളും കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്ക് വലിയ സാധ്യതയുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി മെഥനോള്‍ ഉണ്ടാക്കാന്‍ ഉപയോഗപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൈവ ഇന്ധന മേഖലയില്‍, പ്രത്യേകിച്ച് മെഥനോള്‍ മേഖലയില്‍ ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്. കൂടാതെ, ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ ആക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയായി മാറിയിരുന്നു. ഇന്ത്യക്കുമുന്നിലുള്ള വ ിപണികള്‍ യുഎസും ചൈനയും മാത്രമാണ്.
ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലിപ്പം 2014-ല്‍ 7.5 ലക്ഷം കോടി രൂപയില്‍ നിന്ന് 2024-ല്‍ 18 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഈ വ്യവസായം പരമാവധി തൊഴിലവസരങ്ങള്‍ ഇന്ന് സൃഷ്ടിക്കുന്നു.
റീസൈക്കിള്‍ ചെയ്ത ടയര്‍ പൊടിയും പ്ലാസ്റ്റിക്കും പോലുള്ള വസ്തുക്കള്‍ റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് ബിറ്റുമിന്‍ ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രി എടുത്തുപറഞ്ഞു.
വിളമാലിന്യം ഉപയോഗിക്കുന്നതിനുള്ള സംരംഭം രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു.