31 Jan 2023 6:07 AM GMT
Summary
ലോകത്തെ 84 ശതമാനം രാജ്യങ്ങളിലും 2023ല്‍ ഉപഭോക്തൃ വില സൂചിക(സി പി ഐ ) 2022 ല്‍ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് കുറവായിരിക്കും.
വാഷിംഗ്ടണ്‍ : അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പണപ്പെരുപ്പം 2022 ലെ 6.8 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ട് . ആഗോള തലത്തില്‍ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പണപ്പെരുപ്പം 2023 ല്‍ 5 ശതമാനമായി കുറയുമെന്നും 2024 ആവുമ്പോഴേക്ക് ഇത് 4 ശതമാനത്തിലെത്തുമെന്നും ഐഎംഎഫിന്റെ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഡിവിഷന്‍ ചീഫ് ഡാനിയല്‍ ലീ മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെ 84 ശതമാനം രാജ്യങ്ങളിലും 2023ല്‍ ഉപഭോക്തൃ വില സൂചിക(സി പി ഐ ) 2022 ല്‍ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് ആഗോള സമ്പദ് വ്യവസ്ഥയെ അടിസ്ഥാനമാക്കി ഐഎംഎഫ് തയാറാക്കിയ 'വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആഗോള പണപ്പെരുപ്പം, ഈ വര്‍ഷം 2022 ല്‍ ഉണ്ടായിരുന്ന 8.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറയും. 2024 ഇല്‍ 4.3 ശതമാനത്തിലെത്തുമെന്നും കണക്കാക്കുന്നു. പാന്‍ഡെമിക്കിന് മുന്‍പുള്ള 2017 -19 കാലഘട്ടത്തില്‍ 3.5 ശതമാനമായിരുന്നു.
ആഗോള ഡിമാന്‍ഡ് കുറയുന്നതിനാല്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ധനത്തിന്റെയും, ഇന്ധനേതര ഉത്പന്നങ്ങളുടെയും വില കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് പണപ്പെരുപ്പം കുറയുമെന്ന അനുമാനത്തെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ള കര്‍ശന പണനയ നടപടികളിലും അയവ് വരുത്തും. വാര്‍ഷികാടിസ്ഥാനത്തില്‍, 2022 ലെ നാലാം പാദത്തിലുള്ള 6.9 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വികസിത സമ്പദ് വ്യവസ്ഥകളില്‍, പ്രതിവര്‍ഷ ശരാശരി പണപ്പെരുപ്പം ഈ വര്‍ഷം, 2022 ലെ 7.3 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി കുറയുമെന്നും 2024 ല്‍ 2.6 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. വികസ്വര സമ്പദ് വ്യവസ്ഥകളില്‍ 2023 ല്‍, 2022 ല്‍ റിപ്പോര്‍ട്ട് ചെയ്ത 9.9 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായി കുറയുമെന്നും 2024 ഓടെ 5.5 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു.
താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളില്‍ പണപ്പെരുപ്പം 2022 ല്‍ റിപ്പോര്‍ട്ട് ചെയ്ത 14.2 ശതമാനത്തില്‍ നിന്ന് 2024 ആവുമ്പോഴേക്ക് 8.4 ശതമാനമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ആഗോള പണപ്പെരുപ്പം കുറയുമെങ്കിലും 2024 ലും 80 ശതമാനത്തിലധികം രാജ്യങ്ങളിലെയും പണപ്പെരുപ്പം പാന്‍ഡെമിക് കാലഘട്ടത്തിനു മുന്‍പുള്ള നിലയെക്കാള്‍ ഉയര്‍ന്നു തന്നെ തുടരുമെന്ന് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറുമായ പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് അഭിപ്രായപ്പെട്ടു.