image

22 March 2024 7:13 AM

Economy

മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാന്‍ ഇന്ത്യ

MyFin Desk

മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാന്‍ ഇന്ത്യ
X

Summary

  • പ്രതിശീര്‍ഷ വരുമാനം 24,000 ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യം
  • ഉത്പാദന മേഖലയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ നീക്കം
  • എഐ സാങ്കേതിക വിദ്യ ഉപയോഗത്തിലൂടെ ജിഡിപി നിരക്കും ഉയരും


വളര്‍ച്ചയുടെ വേഗത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 9-10 ശതമാനമായി ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ. ബെംഗളൂരുവില്‍ നടന്ന കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി(സിഐഐ) ദക്ഷിണ മേഖലാ വാര്‍ഷിക യോഗത്തില്‍ നീതി ആയോഗിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് ആണ് ഇക്കാര്യം അറിയിച്ചത് .

ഇന്ത്യയുടെ വളര്‍ച്ച 10 ശതമാനം ഉയര്‍ന്നാല്‍ മൊത്തം ആഭ്യന്തര ഉത്പാദനം(ജിഡിപി) 35 ട്രില്യണ്‍ ഡോളര്‍ കവിയുമെന്നും പ്രതിശീര്‍ഷ വരുമാനം ഏകദേശം 24,000 ഡോളറായി ഉയര്‍ത്തുമെന്നും കാന്ത് അഭിപ്രായപ്പെട്ടു.

സേവന മേഖലയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് വളരാന്‍ സാധിക്കില്ല. ഉത്പാദനം,മികച്ച നഗരവത്കരണം,കൃഷി എന്നിവയുടെ പിന്‍ബലത്തില്‍ ഇന്ത്യ വളരേണ്ടതുണ്ട്. സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ മാത്രം ഇന്ത്യയ്ക്ക് ഉയര്‍ച്ചയുണ്ടാകില്ല, സംസ്ഥാനങ്ങള്‍ വളര്‍ന്നാല്‍ മാത്രമേ രാജ്യവും വളരൂവെന്ന് കാന്ത് അഭിപ്രായപ്പെട്ടു. ജപ്പാനേയും ജര്‍മ്മനിയേയും മറികടക്കാനുള്ള ഇന്ത്യയുടെ സാധ്യതയും കാന്ത് വ്യക്തമാക്കി. 2027 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പ്രവചിച്ചു. അതേ വര്‍ഷാവസാനം ഓഹരി വിപണിയിലും ഇന്ത്യ മൂന്നാമത്തെ വലിയ ശക്തിയായി കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ ഇന്ത്യ പ്രതിരോധശേഷിയുള്ള ശക്തികേന്ദ്രമായി ഉയര്‍ന്നു വന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇത് ഒരു തലമുറയിലെ സാമ്പത്തിക മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ 8.3 ശതമാനം മറികടന്നാണ് ഇന്ത്യ വളര്‍ച്ച നേടിയത്. അടുത്ത ദശകത്തില്‍ ലോകത്തിന്റെ സാമ്പത്തിക വികാസത്തിന്റെ 20 ശതമാനവും ഇന്ത്യയുടെ സംഭാവന ആയിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ(ഐഎംഎഫ്) കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ കൃഷിയില്‍ നിന്ന് ഉത്പാദനം നയിക്കുന്ന സ്മാര്‍ട്ട് സിറ്റികളിലേക്ക് മാറ്റണമെന്ന് കാന്ത് നിര്‍ദേശിച്ചു.

നമ്മുടെ ജനസംഖ്യയുടെ 42 ശതമാനവും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. ജിഡിപിയുടെ 18-19 ശതമാനവും കൃഷിയില്‍ നിന്നാണ് ലഭിക്കുന്നത്. ലോകശരാശരി 5-6 ശതമാനമാണ്. ആഗോള വിപണിയില്‍ പ്രവേശിക്കുന്നതിന് ഇന്ത്യയ്ക്ക് ഉത്പാദന മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് (പിഎല്‍ഐ) വഴി ഇതിനുവേണ്ട കാര്യങ്ങള്‍ ചെയ്യുന്നതെന്ന് നീതി ആയോഗിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.

ബിസിനസ് പരിവര്‍ത്തനത്തില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണ്ണായകമാണെന്ന് കാന്ത് ഊന്നിപ്പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം ഇന്ത്യന്‍ ജിഡിപി ഒരു ട്രില്യണ്‍ ഡോളറിലധികം വര്‍ദ്ധിപ്പിക്കും. എഐ ഇല്ലെങ്കില്‍ ഒരു ബിസിനസ് തുടങ്ങാനാവില്ല എന്ന അവസ്ഥയിലേക്ക് എത്താമെന്നും കാന്ത് പറഞ്ഞു.