image

24 Jun 2024 8:03 AM GMT

Economy

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8 ശതമാനമെന്ന് എസ് ആന്റ് പി

MyFin Desk

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച  6.8 ശതമാനമെന്ന് എസ് ആന്റ് പി
X

Summary

  • ആര്‍ബിഐയുടെ പ്രവചനം 7.2 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു
  • ഉയര്‍ന്ന പലിശനിരക്കും കുറഞ്ഞ സാമ്പത്തിക ഉത്തേജനവും ഡിമാന്‍ഡ് കുറയ്ക്കുമെന്നും എസ് ആന്റ് പി
  • എഡിബി ഇന്ത്യയുടെ ജിഡിപി 7 ശതമാനമായി വിലയിരുത്തുന്നു


നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ആക്കി എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് നിലനിര്‍ത്തി. ഇത് ഈ മാസമാദ്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ച നിരിക്കിനേക്കാള്‍ കുറവാണ്. ഉയര്‍ന്ന പലിശനിരക്കും കുറഞ്ഞ സാമ്പത്തിക ഉത്തേജനവും ഡിമാന്‍ഡ് കുറയ്ക്കുമെന്നും ഏജന്‍സി പറയുന്നു.

അതേസമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളര്‍ച്ച കൈവരിച്ചത് ആശ്ചര്യപ്പെടുത്തുന്നതായും അതു തുടരുന്നുവെന്നും ഏഷ്യാ പസഫിക്കിനായുള്ള സാമ്പത്തിക കാഴ്ചപ്പാടില്‍ എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.8 ശതമാനമായി കുറയുമെന്ന് ഏജന്‍സി പറയുന്നു. 2025-26, 2026-27 സാമ്പത്തിക വര്‍ഷങ്ങളില്‍ എസ് ആന്റ് പി യഥാക്രമം 6.9 ശതമാനവും 7 ശതമാനവും വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു.

ഗ്രാമീണ ഡിമാന്‍ഡ് മെച്ചപ്പെടുത്തുന്നതിന്റെയും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.2 ശതമാനമായി വികസിക്കുമെന്ന് ഈ മാസമാദ്യം ആര്‍ബിഐ പ്രവചിച്ചിരുന്നു. അതേസമയം മറ്റൊരു ഏജന്‍സിയായ ഫിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായി കണക്കാക്കുമ്പോള്‍, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ ജിഡിപി 7 ശതമാനമായി വിലയിരുത്തുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനമായി വളരുമെന്ന് മൂഡീസ് റേറ്റിംഗും ഡെലോയിറ്റ് ഇന്ത്യയും കണക്കാക്കുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായും കണക്കാക്കുന്നു.

അതേസമയം ചൈനയെ സംബന്ധിച്ചിടത്തോളം, എസ് ആന്റ് പി അതിന്റെ 2024 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം 4.6 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായി ഉയര്‍ത്തി. എന്നാല്‍ രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ മാന്ദ്യം കാണുന്നു. മന്ദഗതിയിലുള്ള ഉപഭോഗവും ശക്തമായ ഉല്‍പ്പാദന നിക്ഷേപവും ചേര്‍ന്ന് വിലയിലും ലാഭവിഹിതത്തിലും ഭാരമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.