image

29 Nov 2023 11:57 AM GMT

Economy

2026 ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 7 ശതമാനം: എസ് ആൻഡ് പി

MyFin Desk

indias gdp growth rate at 7 percent in 2026, s&p
X

Summary

  • ചൈനയുടേത് 4.6 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട്
  • ഏഷ്യ-പസഫിക്കിലെ പലിശനിരക്ക് ഉയര്‍ന്ന നിലയില്‍
  • ഇന്‍പുട്ട് ചെലവുകള്‍ ഉയരുന്നത് കോര്‍പ്പറേറ്റുകളുടെ ലാഭം കുറയ്ക്കും


2026 ആകുമ്പോഴേക്കും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് ഏഴ് ശതമാനമായി ഉയരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ്ആന്‍ഡ്പി ഗ്ലോബല്‍. ചൈനയുടേത് 4.6 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏഷ്യ-പസഫിക്കിന്റെ വളര്‍ച്ച എഞ്ചിന്‍ ചൈനയില്‍ നിന്നും ദക്ഷിണ, തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും 'ചൈന സ്ലോസ് ഇന്ത്യ ഗ്രോസ്' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ എസ് ആന്‍ഡ് പി വ്യക്തമാക്കുന്നു.

'ചൈനയുടെ ജിഡിപി വളര്‍ച്ച 2024 ല്‍ 4.6 ശതമാനമായി കുറയുമെന്നും (2023 ലത് 5.4 ശതമാനം), 2025 ല്‍ 4.8 ശതമാനമായി ഉയരുമെന്നും വീണ്ടും 2026 ല്‍ 4.6 ശതമാനത്തിലേക്ക് തിരികെ എത്തുമെന്നുമാണ് എസ് ആന്‍ഡ് പി അനുമാനം. 2026 ല്‍ ഇന്ത്യ 7 ശതമാനത്തിലെത്തുമെന്ന് കണക്കാക്കുന്നു. വിയറ്റ്‌നാം 6.8 ശതമാനം (നിലവില്‍ 4.9 ശതമാനം), ഫിലിപ്പീന്‍സ് 6.4 ശതമാനം (നിലവില്‍ 5.4 ശതമാനം), ഇന്തോനേഷ്യ 5 ശതമാനത്തില്‍ തന്നെ തുടരുമെന്നും എസ് ആന്‍ഡ് പി പറയുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയുടെ ജിഡിപി 6.4 ശതമാനമായി വളരുമെന്നും 2025 ല്‍ വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായും 2026 ല്‍ 7 ശതമാനമായും ഉയരുമെന്നുമാണ് യുഎസ് ആസ്ഥാനമായുള്ള റേറ്റിംഗ് ഏജന്‍സിയുടെ അനുമാനം.

പലിശനിരക്ക്

ഏഷ്യ-പസഫിക്കിലെ കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ നിലനിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയിലെ വായ്പക്കാരുടെ കടം അല്‍പ്പം ചെലവേറിയതാകുമെന്നും എസ് ആന്‍ഡ് പി പറഞ്ഞു. 'അതേസമയം, മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷം ആഗോള വിതരണ ശൃംഖലകളെക്കൂടി ബാധിക്കുകയും ഊര്‍ജ്ജച്ചെലവ് വര്‍ധിപ്പിക്കുകയും അത് പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

ഇന്‍പുട്ട് ചെലവുകള്‍ ഉയരുന്നത് കോര്‍പ്പറേറ്റുകളുടെ ലാഭം കുറയാനും കാരണമാകും. അതേസമയം ഉയര്‍ന്ന വില ഡിമാന്‍ഡിനെയും ദുര്‍ബലപ്പെടുത്തുമെന്നും 'എസ് ആന്‍ഡ് പി പറഞ്ഞു.