20 April 2024 11:03 AM
Summary
- ആഗോള അനിശ്ചിതത്വങ്ങളിലും തകര്‍ച്ച ഒഴിവാക്കി സമ്പദ് വ്യവസ്ഥ
- കരുതല്‍ സ്വര്‍ണ ശേഖരത്തില്‍ വര്‍ധനവ്
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം എട്ട് ആഴ്ചയ്ക്കുള്ളില്‍ ആദ്യമായി ഇടിഞ്ഞു. ഏറ്റവും പുതിയ ആര്‍ബിഐ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 12ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 5.401 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 643.162 ബില്യണ്‍ ഡോളറായി. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, മൊത്തം കരുതല്‍ ശേഖരം 2.88 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 648.562 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
2021 സെപ്റ്റംബറില്‍, രാജ്യത്തിന്റെ ഫോറെക്‌സ് കിറ്റി അതുവരെയുള്ള ഉയര്‍ന്ന നിരക്കായ 642.453 ബില്യണ്‍ ഡോളറിലെത്തി. ഇത് ഈ വര്‍ഷം മാര്‍ച്ചില്‍ മറികടന്നു. ആഗോള സംഭവവികാസങ്ങള്‍ മൂലമുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും രൂപയെ പ്രതിരോധിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന് സാധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരമായ വര്‍ധനവ് ഉണ്ടായി.
ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയോടുള്ള ആകര്‍ഷണവും ശക്തമായ കയറ്റുമതി വളര്‍ച്ചാ പാതയും പിന്തുണച്ചുകൊണ്ട് അനിശ്ചിത സാമ്പത്തിക അന്തരീക്ഷവും ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 643 ബില്യണ്‍ ഡോളറായി നിലനില്‍ക്കുന്നു.
ഏപ്രില്‍ 19 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏപ്രില്‍ 12 ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 6.513 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 564.653 ബില്യണ്‍ ഡോളറായി. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഇതില്‍ പ്രതിഫലിക്കുന്നു.
സ്വര്‍ണ കരുതല്‍ വര്‍ധന തുടരുകയും ആഴ്ചയില്‍ 1.241 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 55.798 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 35 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.634 ബില്യണ്‍ ഡോളറായി, സെന്‍ട്രല്‍ ബാങ്ക് ഡാറ്റ കാണിക്കുന്നു.