26 Oct 2023 9:45 AM GMT
Summary
- തൊഴിലവസരങ്ങളാണ് രാജ്യത്തിന്റെ വളര്‍ച്ചക്ക് നിര്‍ണ്ണായക ഘടകം.
- കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉപഭോക്തൃ ചെലവ് കൂടും.
- മൊത്തം വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ മുന്നേറ്റം മാത്രം.
ചെലവാക്കാന്‍ മടിയില്ലാതെ ഇന്ത്യക്കാര്‍. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ഉപഭോക്തൃ ചെലവ് പോയവര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വേഗം വര്‍ധിപ്പിക്കാന്‍ മാത്രം ഈ മുന്നേറ്റം പര്യാപ്തമല്ലെന്നാണ് വിലയിരുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷവും അടുത്ത വര്‍ഷവും 6.3 ശതമാനം വളര്‍ച്ചയാണ് റോയിറ്റേഴ്‌സ് തയ്യാറാക്കിയ സര്‍വ്വേ സൂചിപ്പിക്കുന്നത്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. കൊവിഡ് സമയത്ത് ഉപഭോക്തൃ ചെലവില്‍ ഗണ്യമായ ഇടിവുണ്ടായി. എന്നാല്‍ ഇതിന്റെ 60 ശതമാനം മാത്രമാണ് ഇപ്പോള്‍ തിരിച്ചുപിടിച്ചിരിക്കുന്നത്. അതും വളരെ മന്ദഗതിയില്‍. നിലിവിലെ പാദത്തിലെ ഉപഭോക്തൃ ചെലവ് സമ്പദ് വ്യവസ്ഥക്ക് നേരിയ മുന്നേറ്റം നല്‍കുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തെ മൊത്തം വളര്‍ച്ചാ വീക്ഷണത്തില്‍ കാര്യമായ മുന്നേറ്റമില്ലാതെ തുടരുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന ഈ വര്‍ഷത്തെ ഉത്സവ സീസണിലെ ചെലവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം.
'ഇത്തവണ ഉത്സവ ഡിമാന്റ് ഗണ്യമായി ഉയര്‍ന്നേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദം ഇതിന്റെ സൂചനകള്‍ മുന്നോട്ട് വയ്ക്കുന്നതാണ്. എല്ലാ വര്‍ഷവും ഈ മുന്നേറ്റം ഉണ്ടാകും,'എഎന്‍സെഡ് റിസര്‍ച്ചിലെ സാമ്പത്തിക വിദഗ്ധന്‍ ധീരജ് നിം പറയുന്നു. ഓരോ വര്‍ഷവും തൊഴില്‍ നേടുന്ന യുവാക്കളുടെ എണ്ണത്തില്‍ ഇന്ത്യ ഇനിയും മുന്നേറേണ്ടതുണ്ട്. വികസിത രാഷ്ട്രമായി മാറുന്നതിന് അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ പ്രതിവര്‍ഷം 7.6 ശതമാനം വളര്‍ച്ച നേടണമെന്ന് ആര്‍ബിഐയുടെ ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സമീപ ഭാവിയില്‍ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നില്ല.
'ഇന്ത്യയെ സംബന്ധിച്ച് ദീര്‍ഘകാല വിജയം എന്നു പറയുന്നത്, ജനസംഖ്യയിലെ അൻുകൂലത പ്രയോജനപ്പെടുത്തുന്നതിന് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക വഴിയാണ്. കുറഞ്ഞ ഉല്‍പാദനക്ഷമതയുള്ള കാര്‍ഷിക മേഖലയിലാണ് ( ജിഡിപിയുടെ 15 ശതമാനം) ഇപ്പോള്‍ തൊഴില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സുസ്ഥിര വളര്‍ച്ച ക്ലേശകരമാണ്്,' ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിലെ അലക്‌സാന്ദ്ര ഹെര്‍മന്‍ പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.0 - 7.0 ശതമാനം വരെയെന്നാണ് സര്‍വ്വേയില്‍ വിദഗധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ പണപ്പെരുപ്പം ശരാശരി 5.5 ശതമാനവും 2024ല്‍ 4.8 ശതമാനവും ആകുമെന്നാണ് സര്‍വേ കാണിക്കുന്നു, ഇത് ആര്‍ബിഐയുടെ 2-6 ശതമാനം ലക്ഷ്യത്തിന്‍റെ മധ്യത്തിലാണ്. പണപ്പെരുപ്പത്തില്‍ നല്ല ഇടിവുണ്ടാകുന്നതുവരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ വിദൂരമാണ്.