12 March 2025 4:35 PM IST
Summary
- സര്‍ക്കാര്‍ മൂലധന ചെലവ്, നികുതി ഇളവുകള്‍,പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവ ഉത്തേജനമാകും
- ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ട്
2026ല്‍ സാമ്പത്തിക വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്. ബാങ്കിങ് മേഖലയില്‍ സുസ്ഥിര വളര്‍ച്ചയെന്നും പ്രവചനം.
ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന ചെലവ്, ഇടത്തരം വരുമാനക്കാര്‍ക്കുള്ള നികുതി ഇളവുകള്‍,പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവയില്‍ നിന്നുള്ള ഉത്തേജനമാണ് പുതിയ സാമ്പത്തിക വര്‍ഷം രാജ്യത്തിന് തുണയാവുക.
വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബാങ്കിങ് മേഖല കരുത്തായി തുടരുമെന്നും ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് പറയുന്നു. സുരക്ഷിതമല്ലാത്ത വായ്പകള്‍, മൈക്രോഫിനാന്‍സ് വായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍ എന്നിവയിലെ ആസ്തികള്‍ വെല്ലുവിളി നേരിടുന്നുണ്ട്. ബാങ്കുകളുടെ ലാഭക്ഷമത മിതമായി തുടരാന്‍ ഇത് കാരണമായേക്കും. ആഗോള വെല്ലുവിളികള്‍ക്കിടയിലും ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ മൂലധന ചെലവ് ഉയര്‍ന്നതിനാല്‍ അടിസ്ഥാന സൗകര്യ മേഖലയിലും വളര്‍ച്ചയുണ്ടാവും. അതേസമയം യുഎസിന്റെ വ്യാപാര യുദ്ധം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, രൂപയുടെ ഇടിവ് എന്നിവയില്‍ റിസര്‍വ് ബാങ്ക് ജാഗ്രത പാലിക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് തന്നെ സാമ്പത്തിക വര്‍ഷം റിപ്പോ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ അതിവേഗത്തില്‍ നടപ്പിലാക്കില്ലെന്നും മൂഡീസ് പറയുന്നു.