image

6 Jan 2024 5:39 AM GMT

Economy

ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളരും

MyFin Desk

ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളരും
X

Summary

  • എന്‍എസ്ഒയുടെ അനുമാനം ആര്‍ബിഐയുടെ പ്രവചനത്തേക്കാള്‍ കൂടുതല്‍
  • മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 171.79 ലക്ഷം കോടിയായി ഉയരും
  • കാര്‍ഷികമേഖലയില്‍ പ്രതീക്ഷിക്കുന്നത് 1.8ശതമാനം വളര്‍ച്ച


ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) കണക്കാക്കുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 7.2 ശതമാനമായിരുന്നു. ഇതിനു കാരണമായത് പ്രധാനമായും ഖനനം, ക്വാറി, നിര്‍മ്മാണം, സേവന മേഖലകളിലെ ചില വിഭാഗങ്ങള്‍ എന്നിവയുടെ മികച്ച പ്രകടനമായിരുന്നു.

2022-23 ലെ 1.3 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മ്മാണ മേഖലയിലെ ഉല്‍പ്പാദനം 6.5 ശതമാനമായി വളരുമെന്ന് എന്‍എസ്ഒ അനുമാനത്തില്‍ പറയുന്നു. അതുപോലെ, ഖനന മേഖലയുടെ വളര്‍ച്ച 2022-23 ലെ 4.1 ശതമാനത്തില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനമായി കണക്കാക്കുന്നു.

സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ 2023 സാമ്പത്തിക വര്‍ഷത്തിലെ 7.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം 8.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് എസ്റ്റിമേറ്റ് പറയുന്നു.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം 160.06 ലക്ഷം കോടി രൂപ ആയിരുന്നത് ഇത്തവണ 171.79 ലക്ഷം കോടിയായി ഉയരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) 7 ശതമാനം ജിഡിപി വളര്‍ച്ചാ പ്രവചനത്തേക്കാള്‍ കൂടുതലാണ് എന്‍എസ്ഒയുടെ കണക്കുകള്‍.

നിലവിലെ കണക്കുകള്‍ പ്രകാരം സമ്പദ്വ്യവസ്ഥയുടെ വലുപ്പം 2023-24 കാലഘട്ടത്തില്‍ 296.58 ലക്ഷം കോടി രൂപ അല്ലെങ്കില്‍ 3.57 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും.

കാര്‍ഷിക മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 1.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് വിഭാഗവുമായി ബന്ധപ്പെട്ട വ്യാപാരം, ഹോട്ടല്‍, ഗതാഗതം, ആശയവിനിമയം, സേവനങ്ങള്‍ എന്നിവ 2022-23 ലെ 14 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറയുമെന്നും കണക്കാക്കുന്നു. നിര്‍മ്മാണ മേഖലയില്‍ 10.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും. അതുപോലെ, പൊതുഭരണം, പ്രതിരോധം, മറ്റ് സേവനങ്ങള്‍ എന്നിവയുടെ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം 7.2 ശതമാനത്തില്‍ നിന്ന് 7.7 ശതമാനമായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു.