15 Dec 2022 5:15 AM GMT
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ച് ജിഡിപിയുടെ 4.4 ശതമാനമാകുമെന്ന് ഇന്ത്യ റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 9.7 ബില്യണ്‍ അഥവാ 1.3 ശതമാനത്തില്‍ നിന്ന് ഇത് 36 ബില്യണ്‍ ആയി ഉയരുമെന്നാണ് കണക്കാക്കാകുന്നത്. കയറ്റുമതിയില്‍ വന്ന ഇടിവും ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചു ചാട്ടവുമാണ് ഇതിനു കാരണം. ഈ വര്‍ധന കഴിഞ്ഞ 37 പാദങ്ങളിലെ ഉയര്‍ന്ന നിരക്കാവും.
ഇതിനു മുന്‍പ് 2013 -14 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലാണ് ഇത്തരത്തില്‍ ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അന്ന് ഇത് ജിഡിപി യുടെ 4.7 ശതമാനമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 2012 -13 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തില്‍ 31.8 ബില്യണ്‍ ഡോളര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി 23.9 ബില്യണ്‍ ഡോളര്‍ അഥവാ ജിഡിപിയുടെ 2.8 ശതമാനമായിരുന്നു.
ആഗോള പ്രതിസന്ധികള്‍ ഈ വര്‍ഷം ഒക്ടോബറില്‍ കയറ്റുമതി 20 ശതമാനം കുറയുന്നതിന് കാരണമായി. 2021 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ഇത്രയും വലിയ ഇടിവ് സംഭവിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇത് കഴിഞ്ഞ എട്ടു പാദങ്ങളില്‍ വച്ച് ഏറ്റവും താഴ്ന്ന നിലയായ 17.4 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. ചരക്കു വിലയില്‍ ഉണ്ടാകുന്ന കുറവ് രാജ്യത്തിന്റെ ഇറക്കുമതി ചെലവില്‍ നേരിയ കുറവുണ്ടാക്കിയേക്കാം. എങ്കിലും ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ ക്രൂഡ് വില 19.9 ശതമാനമായി തുടരുകയാണ്. അതിനാല്‍ ഇറക്കുമതി മൂന്നാം പാദത്തില്‍ 171.9 ബില്യണ്‍ ഡോളറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും ഇത് 2.9 ശതമാനത്തിനു മുകളായിലായിരിക്കും.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വ്യാപാര കമ്മി 83.7 ബില്യണ്‍ ഡോളറായി ഉയരും. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 38.9 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 81.8 രൂപ അഥവാ 9.1 ശതമാനം വര്‍ധനവില്‍ തുടരുന്നതിനാല്‍ കറന്റ് അക്കൗണ്ട് കമ്മിയിലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തു.