20 April 2024 6:55 AM GMT
Summary
- 2023 വേനല്‍ക്കാലത്ത് മൊത്തം 6,369 യാത്രകളായിരുന്നു നടത്തിയത്
- ഇക്കൊല്ലം വര്‍ധിച്ചത് 2,742 സര്‍വീസുകള്‍
- ട്രെയിനുകളുടെ എണ്ണമോ അധിക ട്രെയിനുകള്‍ നടത്തുന്ന ട്രിപ്പുകളുടെ എണ്ണമോ മുഴുവന്‍ സീസണിലും സ്ഥിരമല്ല
വേനല്‍ക്കാലത്തെ തിരക്ക് ഒഴിവാക്കാന്‍ റെയില്‍വേ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനം കൂടുതല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതായി മന്ത്രാലയം. യാത്രക്കാരുടെ സൗകര്യങ്ങള്‍ക്ക് വിട്ടുവീഴ്ച വരുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കാണിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോച്ചിന്റെ വാതിലുകള്‍ക്കിടയിലുള്ള ഇടവഴികളില്‍ പലരും ഇടുങ്ങിയ നിലയിലായിരുന്നു. കൂടാതെ റിസര്‍വ് ചെയ്ത സീറ്റുകളുള്ള ചിലര്‍ ട്രെയിനില്‍ കയറാന്‍ പാടുപെടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനെത്തുടര്‍ന്നാണ് പ്രതികരണവുമായി റെയില്‍വേ മന്ത്രലയം പ്രതികരണവുമായി രംഗത്തുവന്നത്.
യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനും വേനല്‍ക്കാലത്ത് യാത്രാ ആവശ്യകതയില്‍ പ്രതീക്ഷിക്കുന്ന കുതിച്ചുചാട്ടം നിയന്ത്രിക്കുന്നതിനുമായി ഈ വേനല്‍ക്കാലത്ത് റെയില്‍വേ 9,111 ട്രിപ്പുകള്‍ നടത്തുന്നതായി മന്ത്രാലയം അറിയിച്ചു.
'2023 ലെ വേനല്‍ക്കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഗണ്യമായ വര്‍ധനവ് അടയാളപ്പെടുത്തുന്നു. അന്ന് മൊത്തം 6,369 യാത്രകളായിരുന്നു നടത്തിയത്. ഇക്കൊല്ലം 2,742 ട്രിപ്പുകളുടെ വര്‍ധനവ് രേഖപ്പെടുത്തി. യാത്രക്കാരുടെ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്', മന്ത്രാലയം പറഞ്ഞു.
അതേസമയം റെയില്‍വേ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ച് നിരവധി പേര്‍ വിമര്‍ശനവുമായി വന്നിരുന്നു. നേരത്തെ, ട്രെയിനിലെ ജനറല്‍ കോച്ചുകള്‍ ഗണ്യമായി കുറച്ചതാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു.കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇത് പലതവണ നിഷേധിച്ചു. നോണ്‍ എയര്‍ കണ്ടീഷന്‍ഡ് (എസി) എസി കോച്ചുകളുടെ അനുപാതം 2:1 ആണെന്നും നിലവിലെ സര്‍ക്കാര്‍ അതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
രാജ്യത്തുടനീളമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ ട്രെയിനുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
''തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വേനല്‍ക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് എല്ലാ സോണല്‍ റെയില്‍വേകളും ഈ അധിക ട്രിപ്പുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്'' റെയില്‍വേ പറഞ്ഞു.
റെയില്‍വേയുടെ കണക്കനുസരിച്ച്, ട്രെയിനുകളുടെ എണ്ണമോ അധിക ട്രെയിനുകള്‍ നടത്തുന്ന ട്രിപ്പുകളുടെ എണ്ണമോ മുഴുവന്‍ സീസണിലും സ്ഥിരമല്ല. ജനറല്‍ ക്ലാസ് കോച്ചുകളില്‍ പ്രവേശിക്കുന്നതിന് ക്യൂ സംവിധാനം ഉറപ്പാക്കാന്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.