24 Oct 2023 9:45 AM GMT
Summary
- 2030 ല്‍ ഇന്ത്യ ഏഷ്യയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും
- ഇന്ത്യയുടെ ജിഡിപി 7.3 ലക്ഷംകോടി ഡോളറായി ഉയരുമെന്നാണ് വിലയിരുത്തല്‍
- ഇന്ത്യയുടെ വളര്‍ച്ചയെ നിരവധി ഘടകങ്ങള്‍ പിന്തുണയ്ക്കുന്നതായി എസ് ആന്‍ഡ് പി ഗ്ലോബല്‍
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ, 2030-ഓടെ 7.3 ലക്ഷം കോടി ഡോളര്‍ ജിഡിപിയുമായി ജപ്പാനെ മറികടന്ന് മൂന്നാമതെത്തുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പിഎംഐയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പറയുന്നു.
തുടർച്ചയായ രണ്ട് വര്‍ഷത്തെ (2021 ലും 2022 ലും) ദ്രുത സാമ്പത്തിക വളര്‍ച്ചയ്ക്ക് ശേഷം, 2023 -ലും ഇന്ത്യന്‍ സമ്പദ് ഘടന ശക്തമായ വളര്‍ച്ചയാണ് പ്രകടമാക്കുന്നത്. 2024 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.2-6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണിത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.8 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ഉണ്ടായത് ഇന്ത്യന്‍ സമ്പദ്അഘടനയുടെ ദീര്‍ഘകാല വളര്‍ച്ചാ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. ജനസംഖ്യാ പ്രൊഫൈലും അതിവേഗം ഉയരുന്ന നഗര കുടുംബ വരുമാനവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് സഹായിച്ചു.
'ഇന്ത്യയുടെ നാമമാത്രമായ ജിഡിപി 2022-ല്‍ 3.5 ലക്ഷം കോടി ഡോളറില്‍ നിന്ന് 2030-ഓടെ 7.3 ലക്ഷംകോടി ഡോളറായി ഉയരുമെന്ന് കരുതപ്പെടുന്നു. ഈ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തില്‍ 2030-ഓടെ ഇന്ത്യന്‍ ജിഡിപി ജാപ്പനു മുന്നിലെത്തും. അതായത് ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയരും.
2022 ആയപ്പോഴേക്കും ഇന്ത്യന്‍ ജിഡിപിയുടെ വലുപ്പം യുകെയുടെയും ഫ്രാന്‍സിന്റെയും ജിഡിപിയേക്കാള്‍ വലുതായിക്കഴിഞ്ഞു. 2030ഓടെ ഇന്ത്യയുടെ ജിഡിപി ജപ്പാനേയും ജര്‍മ്മനിയേയും മറികടക്കുമെന്നാണ് പ്രവചനം.
25.5 ലക്ഷംകോടി ഡോളറിന്റെ ജിഡിപിയുള്ള യുഎസ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. ഇത് ലോക ജിഡിപിയുടെ നാലിലൊന്ന് വരും. ലോക ജിഡിപിയുടെ ഏകദേശം 17.9 ശതമാനമായ 18 ലക്ഷംകോടി യുഎസ് ഡോളറിന്റെ ജിഡിപി വലുപ്പമുള്ള ചൈനയാണ് രണ്ടാമത്. നിലവില്‍ 4.2 ലക്ഷംകോടി യുഎസ് ഡോളര്‍ ജിഡിപിയുമായി ജപ്പാന്‍ മൂന്നാമതാണ്. ജര്‍മ്മനി നാലാമതും.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ദീര്‍ഘകാല വീക്ഷണത്തെ നിരവധി പ്രധാന വളര്‍ച്ചാ പ്രേരകങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ പറഞ്ഞു. ഇന്ത്യയുടെ ഒരു പ്രധാന പോസിറ്റീവ് ഘടകം അതിന്റെ വലുതും അതിവേഗം വളരുന്നതുമായ മധ്യവര്‍ഗമാണ്. ഇത് ഉപഭോക്തൃ ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
അതിവേഗം വളരുന്ന ഇന്ത്യന്‍ ആഭ്യന്തര ഉപഭോക്തൃ വിപണിയും അതിന്റെ വലിയ വ്യാവസായിക മേഖലയും ഇന്ത്യയെ വിശാലമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ഇ-കൊമേഴ്സിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2030 ഓടെ, 110കോടി ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് ഉണ്ടായിരിക്കും. ഇത് 2020 ല്‍ കണക്കാക്കിയ 500 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് ഇരട്ടിയിലധികം വരും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ വലിയ വര്‍ധനവ് 2020-2022 എന്ന മഹാമാരി വര്‍ഷങ്ങളിലും പ്രകടമായി.
മൊത്തത്തില്‍, അടുത്ത ദശകത്തില്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.