31 Jan 2023 10:38 AM IST
Summary
- ചൊവ്വാഴ്ച്ച വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ ജനുവരി അപ്ഡേറ്റ് ഐഎംഎഫ് പുറത്തിറക്കിയിരുന്നു.
വാഷിംഗ്ടണ്‍: വരുന്ന സാമ്പത്തികവര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്ന സൂചനയുമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). നടപ്പ് സാമ്പത്തികവര്‍ഷം രാജ്യം 6.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയതെങ്കില്‍ അടുത്ത വര്‍ഷം അത് 6.1 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.
ചൊവ്വാഴ്ച്ച വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ ജനുവരി അപ്ഡേറ്റ് ഐഎംഎഫ് പുറത്തിറക്കിയിരുന്നു. ആഗോള വളര്‍ച്ച 2022 ല്‍ കണക്കാക്കിയ 3.4 ശതമാനത്തില്‍ നിന്ന് 2023 ല്‍ 2.9 ശതമാനമായി കുറയുമെന്നും പിന്നീട് 2024 ല്‍ 3.1 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസ്വര ഏഷ്യയിലെ വളര്‍ച്ച 2023-ലും 2024-ലും യഥാക്രമം 5.3 ശതമാനമായും 5.2 ശതമാനമായും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
'ഇന്ത്യയ്ക്കുള്ള ഞങ്ങളുടെ വളര്‍ച്ചാ പ്രവചനങ്ങളെ പറ്റി ഒക്ടോബറില്‍ പങ്കുവെച്ച അഭിപ്രായത്തില്‍ നിന്ന് മാറ്റമില്ല. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ട്, തുടര്‍ന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമായി കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പല ബാഹ്യ ഘടകങ്ങളുമുണ്ട്'' ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറുമായ പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് പറഞ്ഞു.