25 May 2023 7:58 AM GMT
Summary
- പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം അടുത്തമാസം
- മൂന്ന് പ്രസിഡന്റുമാരുമായി ശക്തമായ ബന്ധം നേടാനായ നേതാവാണ് മോദി
- ഇരുരാജ്യങ്ങളുടെയും പരസ്പര നിക്ഷേപം തൊഴില്‍സാധ്യത ഉയര്‍ത്തി
അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരിക്കുന്ന യുഎസ് സന്ദര്‍ശനം ആഗോളതലത്തില്‍ ഇരു രാജ്യങ്ങളും യോജിച്ചു നില്‍ക്കുന്നു എന്ന സന്ദേശമാണ് നല്‍കുകയെന്ന് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ പ്രസിഡന്റ് മുകേഷ് ആഗി അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജുണ്‍ 22മുതല്‍ യുഎസ് സന്ദര്‍ശിക്കുന്നത്.
ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ യാഥാര്‍ത്ഥ്യമാണെന്ന സന്ദേശമാണ് ഇത് ലോകത്തിലെ ഇതര രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. ഇന്ത്യ വളര്‍ന്നുവരുന്ന ശക്തിയാണ്. ലോകം ഇന്ത്യയെ കൂടുതല്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നും അഗി പറയുന്നു.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്‌ഐഎസ്പിഎഫ്)ഒരു മികച്ച അമേരിക്കന്‍ ഇന്ത്യ കേന്ദ്രീകൃത സ്ട്രാറ്റജിക്, ബിസിനസ് ഉപദേശക ഗ്രൂപ്പാണ്.
നിയമവാഴ്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആ വീക്ഷണകോണില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനാധിപത്യ രാഷ്ട്രങ്ങളുമായി യോജിച്ചുപോകുന്ന രാജ്യമാണ് ഇന്ത്യ. അതേസമയം റഷ്യ, ചൈന, ഇറാന്‍, ഉത്തര കൊറിയ എന്നിവയ്ക്ക് അവരുടേതായ ഒരു പ്രത്യേക ബ്ലോക്ക് ഉണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യയുടേത് ആഗോളതലത്തില്‍ ഒരു നിര്‍ണായക സമയമാണ്. രാജ്യത്തിന്റെ മികവിനെയും നേതൃത്വത്തെയും പ്രധാനമന്ത്രി നല്ല രീതിയില്‍ നിര്‍വചിച്ചു കഴിഞ്ഞതായും യുഎസ്‌ഐഎസ്പിഎഫ് പറയുന്നു.
അതേസമയം സാമ്പത്തിക അജണ്ടകള്‍, ഭക്ഷ്യ വിതരണ ശൃംഖല, ഊര്‍ജ സുരക്ഷ എന്നീകാര്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ബരാക്ക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ബൈഡന്‍ എന്നിവരുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞ ഏക നേതാവാണ് മോദിയെന്ന് ആഗി നിരീക്ഷിക്കുന്നു. ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ ഒരു പൊതു അടിത്തറ വികസിപ്പിക്കുന്നതില്‍ മോദി വിജയിച്ചു. തുടര്‍ന്ന് നേതൃത്വവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചു-അദ്ദേഹം പറഞ്ഞു.
മോദിയുടെ സന്ദര്‍ശന വേളയില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം ലഭിക്കുമെന്നും അഗി പ്രതീക്ഷിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ട് തവണ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവായി മോദി മാറും.
ഈ കാലയളവില്‍ മികച്ച കരാറുകളും രൂപപ്പെടും. ജനറല്‍ ഇലക്ട്രിക് എഞ്ചിനുകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തുമെന്നാണ് കരുതുന്നത്. ഇത് സംഭവിച്ചാല്‍ അത് ചരിത്രമാകും. ഈ നീക്കം സാമ്പത്തിക മേഖലയില്‍ ശക്തമായ സന്ദേശം നല്‍കും.
ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളോടുള്ള ബെയ്ജിംഗിന്റെ നിലപാടുകള്‍ കൂടുതല്‍ കര്‍ശനമാക്കിയിയ സാഹചര്യത്തില്‍ അവിടെനിന്നും ഒഴിയാന്‍ വ്യവസായികള്‍ നേരത്തെതന്നെ പദ്ധതിയിട്ടിരുന്നു. ഈ സാഹചര്യം ഇന്ത്യക്ക് കൂടുതല്‍ അനുകൂലമാക്കി എടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആപ്പിള്‍ കമ്പനി ഉദാഹരണമാണ്. അടുത്ത വര്‍ഷത്തോടെ ഏകദേശം 20 ദശലക്ഷം ഐഫോണ്‍ 14 രാജ്യത്തുനിന്നും കയറ്റുമതി ചെയ്യപ്പെടും. ഇതോടൊപ്പം മറ്റ് നിരവധി കമ്പനികളും ചൈനയില്‍നിന്നും ചുവടുമാറ്റുകയാണ്.
യുഎസ് കമ്പനികള്‍ക്ക് ഇന്ത്യ വലിയ വിപണിയാണ് വാഗ്ദാനം ചെയ്യുന്നത്. അത് നിര്‍മ്മാണ ശേഷിയും ഒപ്പം വിപണി അവസരങ്ങളും പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന് എയര്‍ഇന്ത്യ നല്‍കിയ ഓര്‍ഡര്‍ ശക്തമായ സന്ദേശമാണ്.
കഴിഞ്ഞ വര്‍ഷം, ഇന്ത്യന്‍ കമ്പനികള്‍ ഏകദേശം 40 ബില്യണ്‍ യുഎസ് ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിച്ചിരുന്നു. അങ്ങനെ യുഎസില്‍ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെട്ടു. അതുപോലെ, യുഎസ് കമ്പനികള്‍ ഇന്ത്യയിലും നിക്ഷേപം നടത്തുകയും ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടുതല്‍ സാങ്കേതിക കൈമാറ്റം നടക്കുന്നു- അദ്ദേഹം നിരീക്ഷിച്ചു.
അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖല മോദിയുടെ ഈ സന്ദര്‍ശനത്തെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ഒരു പങ്കാളിത്തമായാണ് കാണുന്നത്. അടുത്ത പത്തുമുതല്‍ 20 വര്‍ഷം വരെയുള്ള ഒരു വിപണി അവസരമായി അവര്‍ ഇന്ത്യയെ കാണുന്നു.
ആഗി പറയുന്നതനുസരിച്ച്, പ്രധാനമന്ത്രിക്ക് യുഎസ് ബിസിനസ് കമ്മ്യൂണിറ്റിയില്‍ ഒരു സന്ദേശം നല്‍കാന്‍ കഴിയുമെങ്കില്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ സാമ്പത്തിക രംഗത്ത് ഉണ്ടാക്കും. ഇന്ത്യന്‍ വിപണി ബിസിനസിനായി തുറന്നിരിക്കുന്നു എന്ന് കമ്മ്യൂണിറ്റിയെ ധരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ചൈന ഒരിക്കലും ഇന്ത്യയെ തുല്യ പങ്കാളിയായി കാണില്ലെന്ന് നിരീക്ഷിച്ച ആഗി,അവര്‍ക്ക് അതിര്‍ത്തിയില്‍ ഉയര്‍ത്തുന്ന സംഘര്‍ഷാവസ്ഥയിലൂടെ ഇന്ത്യയെ നഷ്ടപ്പെട്ടതായി പറഞ്ഞു.