24 Jan 2024 11:31 AM GMT
Summary
- പണപ്പെരുപ്പം ഉയരാനിടയില്ല
- വിപണിയിലേക്ക് സര്‍ക്കാര്‍ പണമൊഴുക്കുന്നത് ഉത്തേജനമായി
ഈ വര്‍ഷവും അടുത്ത വര്‍ഷവും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലനില്‍ക്കും. പണപ്പെരുപ്പം വീണ്ടും ഉയരാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. കൂടാതെ സര്‍ക്കാര്‍ വിപണിയിലേക്ക് ഒഴുക്കുന്ന പണം ശക്തമായ ഉത്തേജനമായി മാറും.
അടുത്ത കാലത്തായി സര്‍ക്കാര്‍ ചിലവഴിച്ച തുകയുടെ ഭൂരിഭാഗവും അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു. ഈ സാമ്പത്തിക വര്‍ഷം സമ്പദ്വ്യവസ്ഥ ഏകദേശം ഏഴ് ശതമാനത്തോളം വളരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്സ് പോള്‍ പറയുന്നത്. പണപ്പെരുപ്പം ഡിസംബറില്‍ നാല് മാസത്തിനിടയിലെ ഏറ്റവും വേഗത്തില്‍ ഉയര്‍ന്ന് 5.69 ശതമാനമായി. ഇത് ഉടന്‍ കുറയുമെന്ന് നിഗമനവുമുണ്ട്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പ് വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കാനാണ് സാധ്യത. സര്‍ക്കാര്‍ ഇതിനകം തന്നെ ശക്തമായ ചിലവുകള്‍ നടത്തുന്നതാണ് കാരണം.
പണപ്പെരുപ്പം ഹ്രസ്വകാലത്തേക്ക് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പാന്തിയോണ്‍ മാക്രോ ഇക്കണോമിക്‌സിലെ ചീഫ് എമേര്‍ജിംഗ് ഏഷ്യന്‍ സാമ്പത്തിക വിദഗ്ധന്‍ മിഗുവല്‍ ചാന്‍കോ പറഞ്ഞു. എന്നിരുന്നാലും, ഈ പ്രവണതകള്‍ സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന മന്ദതയെ പ്രതിഫലിപ്പിക്കുന്നുവെന്നും നിരീക്ഷണമുണ്ട്.
രാജ്യത്തെ 60% വരുന്ന ഉപഭോക്തൃ ചെലവ് കുറഞ്ഞു. എന്നാല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ തൊഴില്‍ മെച്ചപ്പെടുമെന്ന് 28-ല്‍ 25 സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.