14 Aug 2023 11:10 AM GMT
Summary
- ഓഗസ്റ്റ് മാസം റഷ്യയില്‍ നിന്നുള്ള ഡേര്‍ട്ടി ഫ്യുവല്‍സിന്റെ ഇറക്കുമതി ജുലൈ മാസത്തേക്കാള്‍ ഇരട്ടിയായി
- റഷ്യ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് അംഗരാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി സമീപ മാസങ്ങളില്‍ കുറഞ്ഞിട്ടുണ്ട്
പ്രധാന ഉല്‍പ്പാദകരില്‍ നിന്നുള്ള ക്രൂഡിന്റെ ഒഴുക്ക് കുറയുന്നതും റിഫൈനറിയിലെ അറ്റകുറ്റപ്പണികളും കാരണം റഷ്യയില്‍ നിന്ന് വാക്വം ഗ്യാസ് ഓയില്‍ ഉള്‍പ്പെടെയുള്ള ഇന്ധനം (ഡേര്‍ട്ടി ഫ്യുവല്‍സ്) കൂടുതല്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
ഓഗസ്റ്റ് മാസം റഷ്യയില്‍ നിന്നുള്ള ഡേര്‍ട്ടി ഫ്യുവല്‍സിന്റെ ഇറക്കുമതി ജുലൈ മാസത്തേക്കാള്‍ ഇരട്ടിയായി, പ്രതിദിനം 2,69,000 ബാരലായി ഉയരുമെന്നു ബ്ലൂംബെര്‍ഗ് കണക്കുകള്‍ പറയുന്നു. 2017-ന്റെ തുടക്ക കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ഹൈ സള്‍ഫര്‍ ഫ്യുവല്‍ ഓയിലും, വാക്വം ഗ്യാസ് ഓയിലുമാണ്.
ഡീസല്‍, ഗ്യാസോലിന്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളുടെ ആദായം മെച്ചപ്പെടുത്തുന്നതിന് സെക്കന്‍ഡറി റിഫൈനിംഗ് യൂണിറ്റുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നവയാണു സള്‍ഫര്‍ ഫ്യുവല്‍ ഓയിലും, വാക്വം ഗ്യാസ് ഓയിലും.
ഷിപ്പിംഗിലും, വൈദ്യുതി ഉല്‍പ്പാദനത്തിലുമാണ് ഫ്യുവല്‍ ഓയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയുടെ ഇറക്കുമതി തോതാണ് ഇന്ത്യ ഉയര്‍ത്താന്‍ പോകുന്നത്. ഇതോടെ റഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യയുടെ മൊത്തം ഡേര്‍ട്ടി ഫ്യൂവല്‍സിന്റെ ഇറക്കുമതി ഓഗസ്റ്റില്‍ പ്രതിദിനം ഏകദേശം 361,000 ബാരലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് അംഗരാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി സമീപ മാസങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യയിലെ റിഫൈനറികളിലെ അറ്റകുറ്റപ്പണി കാരണം ഡേര്‍ട്ടി ഫ്യുവല്‍സിന്റെ ഉല്‍പ്പാദനത്തില്‍ കുറവും സംഭവിച്ചു. ഇതേ തുടര്‍ന്നാണ് റഷ്യയില്‍ നിന്നും കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചത്.
അതേസമയം ചൈനയിലേക്കുള്ള റഷ്യന്‍ ഫ്യുവല്‍ ഓയിലിന്റെ കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.