28 Oct 2024 9:03 AM GMT
Summary
- ഇരു രാജ്യങ്ങളും ഊര്‍ജം, ഡിജിറ്റല്‍ ഇന്‍ഫ്രാ, ഉല്‍പ്പാദനം എന്നിവയില്‍ സഹകരണം ഉറപ്പാക്കും
- റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവില്‍ (എഫ്‌ഐഐ) ഗോയല്‍ പങ്കെടുക്കും
- പ്രമുഖ ആഗോള നിക്ഷേപകരുമായി ഗോയല്‍ ഇടപഴകും
പുനരുപയോഗ ഊര്‍ജം, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ സൗദി അറേബ്യയുമായി ഇന്ത്യ സഹകരണം വര്‍ധിപ്പിക്കും. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ തന്റെ സന്ദര്‍ശനത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. ചൊവ്വാഴ്ച രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗോയല്‍ റിയാദിലെത്തും.
ആഗോള നേതാക്കളെയും നിക്ഷേപകരെയും നൂതനാശയക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്ന നിര്‍ണായക പ്ലാറ്റ്ഫോമായ റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവില്‍ (എഫ്‌ഐഐ) ഗോയല്‍ പങ്കെടുക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, സുസ്ഥിര വികസനം, എഐ, പുനരുപയോഗ ഊര്‍ജം, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവില്‍ ഗോയല്‍ ശ്രദ്ധയില്‍പ്പെടുത്തും.
എഫ്‌ഐഐയുടെ ഭാഗമായി, പ്രമുഖ ആഗോള നിക്ഷേപകരുമായി മന്ത്രി ഇടപഴകും.
നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ പ്രവാഹം സുഗമമാക്കുന്നതിനും ഇന്ത്യയെ ഒരു ആഗോള നിക്ഷേപ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ഇടപെടലുകള്‍ വഴി ലക്ഷ്യമിടുന്നത്.
ഊര്‍ജ പരിവര്‍ത്തനം, ഡിജിറ്റല്‍ പരിവര്‍ത്തനം, വ്യാപാര സുഗമമാക്കല്‍ എന്നിവയിലെ സഹകരണ ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാണിജ്യ മന്ത്രി, വ്യവസായ, ധാതു വിഭവ മന്ത്രി, നിക്ഷേപ മന്ത്രി, ഊര്‍ജ മന്ത്രി എന്നിവരുള്‍പ്പെടെ സൗദിയിലെ പ്രധാന മന്ത്രിമാരുമായും അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
കൂടാതെ, ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുള്ള സാമ്പത്തിക, നിക്ഷേപ സമിതിയുടെ രണ്ടാം മന്ത്രിതല യോഗത്തില്‍ അദ്ദേഹം സഹ അധ്യക്ഷനാകും. കൃഷി, ഭക്ഷ്യ സുരക്ഷ, ഊര്‍ജം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ, സൗദി ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23ല്‍ 53 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ 2023-24ല്‍ അത് 43 ബില്യണ്‍ ഡോളറായി കുറഞ്ഞു.