image

2 Dec 2024 11:48 AM GMT

Economy

യുഎസുമായുള്ള വ്യാപാര ബന്ധം ഇന്ത്യ അവലോകനം ചെയ്യുന്നു

MyFin Desk

യുഎസുമായുള്ള വ്യാപാര ബന്ധം   ഇന്ത്യ അവലോകനം ചെയ്യുന്നു
X

Summary

  • ഇന്ത്യയ്ക്കെതിരായ വിവേചനപരമായ താരിഫുകള്‍ക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍
  • എന്നാല്‍ മുന്‍പ് ഇന്ത്യയെ താരിഫ് കിംഗ് എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു
  • യുഎസാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി


ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിന്റെ വിവിധ വശങ്ങള്‍ വാണിജ്യ മന്ത്രാലയം അവലോകനം ചെയ്യുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനുശേഷവും നടത്തിയ പ്രസ്താവനകളുടെപ്രത്യാഘാതങ്ങള്‍ കേന്ദ്രീകരിച്ചാണ് വിലയിരുത്തല്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യയ്ക്കെതിരായ വിവേചനപരമായ താരിഫുകള്‍ക്ക് കാരണമാകുന്ന പ്രകോപനങ്ങളൊന്നുമില്ലെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാല്‍ ട്രംപ്, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇറക്കുമതി താരിഫുകള്‍ ദുരുപയോഗം ചെയ്യുന്ന രാജ്യമായി വിശേഷിപ്പിച്ചിരുന്നു. ഇത് ഇന്ത്യയെ 'താരിഫ് കിംഗ്' എന്ന് ലേബല്‍ ചെയ്യുന്ന 2020 ഒക്ടോബറിലെ അദ്ദേഹത്തിന്റെ പ്രസ്താവനയെ അനുസ്മരിപ്പിക്കുന്നതാണ്.

യുഎസ് ഡോളറിനെ മാറ്റിസ്ഥാപിക്കാനുള്ള ഏത് നീക്കത്തിനെതിരെയും ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക് ഫസ്റ്റ് എന്ന നയത്തില്‍ ഉറച്ചു നില്‍ക്കുന്ന ട്രംപ് താരിഫ് വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന് ഉറപ്പുപറയാനാവില്ല. പ്രത്യേകിച്ചും ഇലോണ്‍ മസ്‌ക് പോലൊരു വ്യവസായിയുടെ പിന്തുണ അദ്ദേഹം സ്വീകരിച്ച സാഹചര്യത്തില്‍.

അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാല്‍ ഈ മേഖലയിലുണ്ടാകുന്ന ഏതു ചലനവും ഇന്ത്യയെ നേരിട്ട് ബാധിക്കും.

ഇന്ത്യ ഇറക്കുമതി തീരുവ ദുരുപയോഗം ചെയ്യുന്ന രാജ്യമാണെന്ന ട്രംപിന്റെ അവകാശവാദം അന്യായമാണെന്ന് വ്യാപാര വിദഗ്ധര്‍ പ്രസ്താവിച്ചിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന കസ്റ്റംസ് തീരുവ ചുമത്തി അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും അവരുടെ ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ നിലപാട് മറ്റുള്ളവര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് യുഎസ് ശഠിക്കുന്നു.

ഡബ്ല്യുടിഒയുടെ വേള്‍ഡ് താരിഫ് പ്രൊഫൈലുകള്‍ 2023 അനുസരിച്ച്, പാലുല്‍പ്പന്നങ്ങള്‍ (188 ശതമാനം), പഴങ്ങളും പച്ചക്കറികളും (132 ശതമാനം), കാപ്പി, ചായ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങള്‍ (53 ശതമാനം), ധാന്യങ്ങള്‍, ഭക്ഷണം (193 ശതമാനം) തുടങ്ങിയവയ്ക്ക് യുഎസ് ഉയര്‍ന്ന തീരുവ ചുമത്തുന്നു. എണ്ണക്കുരുക്കള്‍, കൊഴുപ്പുകളും എണ്ണകളും (164 ശതമാനം), പാനീയങ്ങളും പുകയിലയും (150 ശതമാനം), മത്സ്യം, മത്സ്യ ഉല്‍പന്നങ്ങള്‍ (35 ശതമാനം), ധാതുക്കളും ലോഹങ്ങളും (187 ശതമാനം) എന്നിവയ്ക്കും കനത്ത നികുതിയുണ്ട്.

തങ്ങളുടെ ചില ഉല്‍പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കാന്‍ യുഎസ് ആവശ്യപ്പെടുകയാണെങ്കില്‍, ആഭ്യന്തര ഇനങ്ങള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം ലഭിക്കുന്നതിന് ഇന്ത്യയും സമാനമായ കുറവ് ആവശ്യപ്പെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.