23 July 2024 2:50 AM GMT
Summary
- ചൈനയെ ഉപയോഗിക്കുന്നതിന് ദ്വിമാന തന്ത്രം ആവിഷ്‌ക്കരിക്കണം
- യുഎസും യൂറോപ്പും അവരുടെ നിര്‍മ്മാണം ചൈനയില്‍നിന്ന് മാറ്റുന്നു
- ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ചൈനീസ് സഹകരണം അനിവാര്യം
ചൈന പ്ലസ് വണ്ണിന്റെ കാലത്ത്, അയല്‍രാജ്യമായ വന്‍ശക്തിയുമായുള്ള ബന്ധം ഇന്ത്യയുടെ നേട്ടത്തിലേക്ക് പുനഃക്രമീകരിക്കണമെന്ന് നിര്‍ദ്ദേശം. സാമ്പത്തിക സര്‍വേയില്‍ ആണ് ഇത്തരമൊരു കാഴ്ചപ്പാട് ഉള്ളത്. ചൈനയുടെ വിതരണ ശൃംഖലയുമായി സംയോജിപ്പിച്ചോ അല്ലെങ്കില്‍ ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) പ്രോത്സാഹിപ്പിക്കുന്നതിലൂടെയോ ചൈന പ്ലസ് വണ്ണില്‍ നിന്ന് പ്രയോജനം നേടാനുള്ള ദ്വിമാന തന്ത്രമാണ് ഇത് നിര്‍ദ്ദേശിക്കുന്നത്.
കോവിഡ് -19 മൂലമുണ്ടായ തടസ്സങ്ങള്‍, യുഎസും ചൈനയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങള്‍, ചൈനയില്‍ ബിസിനസ്സ് നടത്തുന്നതിനുള്ള ചെലവ് വര്‍ധിക്കല്‍ എന്നിവയില്‍ നിന്ന് നേട്ടം ഉണ്ടാക്കണം. ആപ്പിളും അതിന്റെ വിതരണക്കാരായ ഫോക്സ്‌കോണും ഇന്ത്യയിലേക്ക് മാറിയത് ഉദാഹരണങ്ങളാണ്. 2023-24 കാലയളവില്‍ ആപ്പിള്‍ 14 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തു. ഇത് അതിന്റെ ആഗോള ഉല്‍പ്പാദനത്തിന്റെ 14 ശതമാനം വരും.
ചൈന പ്ലസ് വണ്‍ തന്ത്രത്തില്‍ നിന്ന് പ്രയോജനം നേടുന്നതിന് ഇന്ത്യക്ക് രണ്ട് വഴികള്‍ സ്വീകരിക്കാം. അതനെ ചൈനയുടെ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കാനോ ചൈനയില്‍ നിന്നുള്ള എഫ്ഡിഐ പ്രോത്സാഹിപ്പിക്കാനോ കഴിയും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന, കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി പങ്കാളിയാണ്. അയല്‍ രാജ്യവുമായുള്ള വ്യാപാര കമ്മി 24 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു.
യുഎസും യൂറോപ്പും അവരുടെ ഉടനടിയുള്ള ഉറവിടം ചൈനയില്‍ നിന്ന് മാറ്റുകയാണ്. ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുകയും ഉല്‍പ്പന്നങ്ങള്‍ ഈ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാണ്.
മിക്ക ഉല്‍പ്പാദന മേഖലകളിലും ഓട്ടോമാറ്റിക് റൂട്ടില്‍ 100 ശതമാനം എഫ്ഡിഐ അനുവദനീയമാണെങ്കിലും, ഉല്‍പ്പാദന മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. നിക്ഷേപക-സൗഹൃദ നയങ്ങള്‍ തൊഴിലാളി സംരക്ഷണവുമായി സന്തുലിതമാക്കുന്നതിന് സങ്കീര്‍ണ്ണമായ തൊഴില്‍ നിയമങ്ങള്‍ കാര്യക്ഷമമാക്കുക, ഗവേഷണ വികസന നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിന് ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥയെ ശക്തിപ്പെടുത്തുക, സുസ്ഥിര വ്യവസായവല്‍ക്കരണം ഉറപ്പാക്കാന്‍ പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ചൈനയില്‍ നിന്നുള്ള എഫ്ഡിഐയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഔട്ട്ബൗണ്ട് ഷിപ്പ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നൂതനമായ മാര്‍ഗങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സര്‍വേ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ചൈനയില്‍ നിന്നുള്ള വിദേശ നിക്ഷേപം ശക്തമായിട്ടില്ലെന്ന് ഡാറ്റ കാണിക്കുന്നു. ഇന്ത്യയുടെ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് സ്ഥിരമാണെങ്കിലും രണ്ട് പതിറ്റാണ്ടായി അത് ഉയരുകയാണ്.2024 ജനുവരി-മാര്‍ച്ച് പാദത്തില്‍, ചൈനയില്‍ നിന്നുള്ള എഫ്ഡിഐ ഇക്വിറ്റി വരവ് 1.7 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.
വികസ്വര രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി മത്സരം നേരിടാനും, അതേ സമയം, ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും, ചിലപ്പോള്‍ ചൈനീസ് നിക്ഷേപത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹകരണത്തോടെ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്.
ഇന്ത്യന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയിലേക്ക് ഇന്ത്യയെ പ്ലഗ് ചെയ്യാനും ചൈനയുടെ വിതരണത്തിലേക്ക് പ്രവേശിക്കുന്നത് അനിവാര്യമാണെന്ന് സര്‍വേ പറയുന്നു.