15 April 2024 11:19 AM GMT
Summary
- ഫെബ്രുവരിയില്‍ വ്യാപാര കമ്മി 18.71 ബില്യണ്‍ ഡോളറായിരുന്നു
- ഈ കാലയളവില്‍ കയറ്റുമതിയും കുറഞ്ഞു
- വ്യാപാര കാഴ്ചപ്പാടില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറെബുദ്ധിമുട്ടേറിയത്
ഇന്ത്യയുടെ മാര്‍ച്ചിലെ വ്യാപാര കമ്മി 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 15.6 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2023 മാര്‍ച്ചില്‍ വ്യാപാരക്കമ്മി 18.96 ബില്യണ്‍ ഡോളറായിരുന്നു. ചരക്ക് ഇറക്കുമതിയില്‍ കുത്തനെഉണ്ടായ ഇടിവാണ് വ്യാപാരക്കമ്മി കുറച്ചത്. ഫെബ്രുവരിയില്‍ വ്യാപാര കമ്മി 18.71 ബില്യണ്‍ ഡോളറായിരുന്നു.
2023 ഏപ്രില്‍ മാസമാണ് കമ്മി അവസാനം കുറഞ്ഞത്. അന്ന് അത് 15.24 ബില്യണ്‍ ഡോളറായിരുന്നു.
മാര്‍ച്ചില്‍ വ്യാപാര കമ്മി കുറഞ്ഞപ്പോള്‍, കയറ്റുമതിയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനം കുറഞ്ഞ് 41.68 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 5.98 ശതമാനം ഇടിഞ്ഞ് 57.28 ബില്യണ്‍ ഡോളറിലെത്തിയതായി ഏപ്രില്‍ 15 ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
മുന്‍ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍, ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 9.33 ശതമാനം കുറഞ്ഞ് 240.17 ബില്യണ്‍ ഡോളറിലെത്തി. ഈ കാലയളവിലെ കയറ്റുമതി 437.06 ബില്യണ്‍ ഡോളറായിരുന്നു.3.11 ശതമാനം ഇടിവ് പ്രകടമാക്കുമ്പോള്‍ ഇറക്കുമതി 5.41 ശതമാനം ഇടിഞ്ഞ് 677.24 ബില്യണ്‍ ഡോളറിലെത്തി.
വ്യാപാരത്തിന്റെ കാഴ്ചപ്പാടില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. കാരണം ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം തുടരുക മാത്രമല്ല, മറ്റ് സംഘര്‍ഷങ്ങളും ഉയര്‍ന്നു. ചെങ്കടലുമായി വലിയ പ്രശ്‌നങ്ങളും ആഗോള മാന്ദ്യ പ്രവണതകളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ എല്ലാത്തിനെയും മറികടന്നതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
2024 മാര്‍ച്ചില്‍, ചരക്ക് കയറ്റുമതിക്ക് കീഴില്‍, 30 പ്രധാന മേഖലകളില്‍ 17 എണ്ണം 2024 മാര്‍ച്ചില്‍ പോസിറ്റീവ് വളര്‍ച്ച പ്രകടമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇലക്ട്രോണിക് ഇനങ്ങള്‍, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലാണ് മികവ് പ്രകടമായത്.
ഇറക്കുമതിയുടെ കാര്യത്തില്‍, 2024 മാര്‍ച്ചില്‍ 30 പ്രധാന മേഖലകളില്‍ 18 എണ്ണവും നെഗറ്റീവ് വളര്‍ച്ചയാണ് പ്രകടമാക്കിയത്. സ്വര്‍ണ്ണം, രാസവളങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ (25.67 ശതമാനം), ഇരുമ്പ്, ഉരുക്ക് പെട്രോളിയം ഇനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.