image

13 Jun 2023 4:03 AM GMT

Economy

യുപിഐ പേയ്‌മെന്റ് സേവനം ഇനി ഗള്‍ഫിലേക്കും

MyFin Desk

now upi atm in bank of baroda
X

Summary

  • ഇന്ത്യയിലുടനീളം പണമിടപാടുകള്‍ തടസ്സമില്ലാതെ നടത്താന്‍ ആളുകളെ പ്രാപ്തമാക്കിയതില്‍ എന്‍പിസിഐ വലിയ പങ്ക് വഹിച്ചു
  • 2021-ല്‍ ഭൂട്ടാന്‍ യുപിഐ സംവിധാനം അംഗീകരിക്കുന്ന ആദ്യ വിദേശരാജ്യമായി
  • ഇന്ത്യയില്‍ റീട്ടെയ്ല്‍ പേയ്‌മെന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് എന്‍പിസിഐ


ബഹ്റൈനും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം വിപുലീകരിക്കാന്‍ ഇന്ത്യ ചര്‍ച്ച നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെങ്കിലും പല രാജ്യങ്ങളും ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഈ മേഖലയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പണമിടപാടുകള്‍ക്കായി ബാങ്ക്-ടു-ബാങ്ക് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നത്.

യുപിഐ സേവനം ഗള്‍ഫിലേക്ക് വ്യാപിപ്പിച്ചാല്‍ അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ക്ക് അവരുടെ വരുമാനത്തിന്റെ ഒരുഭാഗം നാട്ടിലേക്ക് സുഗമമായി അയയ്ക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ റീട്ടെയ്ല്‍ പേയ്‌മെന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് എന്‍പിസിഐ. പ്രമുഖ ബാങ്കുകള്‍ ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്‍പിസിഐ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊമോട്ട് ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണ് എന്‍പിസിഐ.

ഇന്ത്യയിലുടനീളം ചെറിയ പണമിടപാടുകള്‍ തടസ്സമില്ലാതെ നടത്താന്‍ ആളുകളെ പ്രാപ്തമാക്കിയതില്‍ എന്‍പിസിഐ വലിയ പങ്ക് വഹിച്ചു. ഇപ്പോള്‍ ആഗോളതലത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം ആളുകള്‍ക്ക് ഒരുക്കുന്നതിനു വേണ്ടി നിരന്തരമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ വര്‍ഷമാദ്യം ഇന്ത്യയും സിംഗപ്പൂരും തങ്ങളുടെ ദേശീയ പേയ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിച്ച് വര്‍ഷം ഒരു ബില്യണ്‍ ഡോളറിലധികം പണമയയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കി.

2021-ല്‍ ഭൂട്ടാന്‍ യുപിഐ സംവിധാനം അംഗീകരിക്കുന്ന ആദ്യ വിദേശരാജ്യമായി. 2022-ല്‍ നേപ്പാളും യുപിഐ സംവിധാനം അംഗീകരിച്ചു. അതേ വര്‍ഷം യുപിഐയുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ പണമടയ്ക്കാന്‍ യുഎഇ ഇന്ത്യന്‍ ട്രാവലേഴ്‌സിനെ അനുവദിക്കുകയും ചെയ്തു.

യുപിഐയുടെ വിജയത്തെത്തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളില്‍ പേയ്മെന്റ് സംവിധാനം ആക്സസ് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഓസ്ട്രേലിയ, കാനഡ, ഒമാന്‍, ഖത്തര്‍, യുഎസ്, സൗദി അറേബ്യ, ഹോങ്കോങ്, സിംഗപ്പൂര്‍, യുഎഇ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്ന സമയത്ത് അവരുടെ അന്താരാഷ്ട്ര നമ്പറുകളില്‍ യുപിഐ ഉപയോഗിക്കാന്‍ ഈ വര്‍ഷമാദ്യം എന്‍പിസിഐ അനുമതി നല്‍കിയിരുന്നു.