27 Nov 2024 10:46 AM GMT
Summary
- ഒന്‍പതുമാസങ്ങള്‍ക്കുള്ളിലാണ് ഈ തുക നഷ്ടമായത്
- ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്
- 2024-ല്‍ ഏകദേശം 12 ലക്ഷം സൈബര്‍ തട്ടിപ്പ് പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകളിലൂടെ 9 മാസത്തിനുള്ളില്‍ നഷ്ടപ്പെട്ടത് 11,333 കോടി രൂപ. ഇത് സംബന്ധിച്ച കണക്കുകള്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പുറത്തുവിട്ടു. സെന്റര്‍ സമാഹരിച്ച കണക്കുകള്‍ പ്രകാരം, 2024ലെ ആദ്യ ഒന്‍പതുമാസങ്ങളിലാണ് ഈ തട്ടിപ്പ് നടന്നത്.
2024-ല്‍ ഏകദേശം 12 ലക്ഷം സൈബര്‍ തട്ടിപ്പ് പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 45% വും കംബോഡിയ, മ്യാന്‍മര്‍, ലാവോസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിയുടെ 115-ാം പതിപ്പില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.അന്വേഷണത്തിനായി ഒരു സര്‍ക്കാര്‍ ഏജന്‍സിയും വ്യക്തികളെ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ബന്ധപ്പെടുന്നില്ലെന്ന് മോദി ഊന്നിപറഞ്ഞു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഇത്തരം തട്ടിപ്പുളെ ചെറുക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി വ്യക്തമാക്കി.
സൈബര്‍ തട്ടിപ്പുകളിലൂടെ മോഷ്ടിച്ച പണം ചെക്കുകള്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി , ഫിന്‍ടെക് ക്രിപ്റ്റോ, എടിഎമ്മുകള്‍, മര്‍ച്ചന്റ് പേയ്മെന്റുകള്‍, ഇ-വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് പിന്‍വലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, സൈബര്‍ കുറ്റകൃത്യങ്ങളിലൂടെയുള്ള പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികളുമായി ബന്ധപ്പെട്ടിട്ടുള്ള 17,000 വാട്ട്സ്ആപ്പ് അക്കൗണ്ടുകളും അധികൃതര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.