27 May 2023 9:47 AM GMT
Summary
- ജര്‍മ്മനിയുടെ ജിഡിപി ജനുവരി മുതല്‍ മാര്‍ച്ച് വരെ 0.3 ശതമാനം കുറഞ്ഞു
- യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയ്ക്കാണ് തിരിച്ചടി
- ഇന്ത്യയിലെ ഏറ്റവും വലിയ ഒമ്പതാമത്തെ നിക്ഷേപകരാണ് ജര്‍മ്മനി
ജര്‍മ്മനി ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യം ആ രാജ്യത്തേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കയറ്റുമതിക്കാര്‍ വ്യക്തമാക്കുന്നു. ജര്‍മ്മന്‍ സമ്പദ് രംഗം തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വസ്ത്രങ്ങള്‍, പാദരക്ഷകള്‍, തുകല്‍ വസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് ഈ രാജ്യത്തേക്കുള്ള കയറ്റുമതിയെ ദോഷകരമായി ബാധിക്കും എന്ന് ഈ മേഖലയില്‍ വ്യവസായികള്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് ജര്‍മ്മനിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ജനുവരി മുതല്‍ മാര്‍ച്ച് വരെ 0.3 ശതമാനം കുറഞ്ഞു എന്നാണ്. 2022 അവസാന പാദത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയില്‍ 0.5 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്നാണിത്.
ഇത് ജര്‍മ്മനിയിലേക്കുള്ള കയറ്റുമതിയെ മാത്രമല്ല യൂറോപ്പിനെ മൊത്തം ബാധിക്കും. കാരണം മറ്റ് രാജ്യങ്ങളും ഇതിനകം തന്നെ മാന്ദ്യത്തിലാണെന്ന് മുംബൈ ആസ്ഥാനമായുള്ള കയറ്റുമതിക്കാരനും ടെക്നോക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ ശരദ് കുമാര്‍ സരഫ് പറയുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജര്‍മ്മനിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 10.2 ബില്യണ്‍ ഡോളറിന്റേതായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തെ മാന്ദ്യം കാരണം ഇതില്‍ ഇടിവുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലെതര്‍ ഉല്‍പ്പന്നങ്ങള്‍, കെമിക്കല്‍, ലൈറ്റ് എഞ്ചിനീയറിംഗ് ഇനങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മേഖലകളെന്നും അദ്ദേഹം പറയുന്നു.
'മാന്ദ്യം ഇന്ത്യയുടെ മികച്ച മൂല്യമുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. ഇതില്‍ സ്മാര്‍ട്ട്ഫോണ്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു'സാമ്പത്തിക വിദഗ്ധനും ജിടിആര്‍ഐ സഹസ്ഥാപകനുമായ അജയ് ശ്രീവാസ്തവയും വ്യക്തമാക്കുന്നു.
മാന്ദ്യത്തില്‍, ദൈനംദിന ഉപയോഗ ഉല്‍പ്പന്നങ്ങളെയാണ് ആദ്യം ബാധിക്കുക. ജര്‍മ്മനി ഉടന്‍ തന്നെ കാര്‍ബണ്‍ ബോര്‍ഡര്‍ ടാക്സ് ചുമത്തുന്നതിനാല്‍ ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെയും ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജര്‍മ്മനിയിലെ മാന്ദ്യം ഇന്ത്യയിലേക്കുള്ള ഇറക്കുമതിയേയും ബാധിക്കുമെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി) ചെയര്‍മാന്‍ നരേന്ദ്ര ഗോയങ്ക വ്യക്തമാക്കുന്നു.
'ബിസിനസ് കുറഞ്ഞത് 10 ശതമാനം എങ്കിലും കുറയും. ഈ മാന്ദ്യം തീര്‍ച്ചയായും ജര്‍മ്മനിയില്‍ നിന്നുള്ള നിക്ഷേപ പ്രവാഹത്തെയും ബാധിക്കും,' ഗോയങ്ക കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും, ഇന്ത്യയിലെ ഏറ്റവും വലിയ ഒമ്പതാമത്തെ നിക്ഷേപകരാണ് ജര്‍മ്മനി. സാമ്പത്തിക മാന്ദ്യത്തില്‍ ജര്‍മ്മന്‍ കമ്പനികള്‍ മറ്റുവഴികള്‍ തേടാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ നിക്ഷേപങ്ങള്‍ തുടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സരഫ് വ്യക്തമാക്കുന്നു.
യൂറോപ്യന്‍ യൂണിയന്റെ പ്രധാന വളര്‍ച്ചാ കേന്ദ്രവും കാരണവും ജര്‍മ്മനിയാണ്. അപ്പോള്‍ ജര്‍മ്മനിയുമായി വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ എല്ലാം പ്രതിസന്ധി നേരിടും. അത് ഇറക്കുമതി ആയാലും കയറ്റുമതി ആയാലും.
എന്നിരുന്നാലും, ഇന്ത്യന്‍ കയറ്റുമതിയില്‍ മാന്ദ്യത്തിന്റെ ആഘാതത്തെക്കുറിച്ച് ഇപ്പോള്‍തന്നെ ആധികാരികമായി പ്രതികരിക്കാനാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
2022-23ല്‍ ജര്‍മ്മനിയിലേക്കുള്ള കയറ്റുമതിയില്‍ യന്ത്ര സാമഗ്രികള്‍ (1.5 ബില്യണ്‍ യുഎസ് ഡോളര്‍) ഉള്‍പ്പെടുന്നു.
ഇലക്ട്രോണിക്‌സ് (യുഎസ്ഡി 1.2 ബില്യണ്‍), സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ (യുഎസ്ഡി 458 ദശലക്ഷം), വസ്ത്രങ്ങള്‍ (യുഎസ്ഡി 990 ദശലക്ഷം), ഓര്‍ഗാനിക് കെമിക്കല്‍സ് (യുഎസ്ഡി 822 ദശലക്ഷം), പാദരക്ഷകള്‍ (332 ദശലക്ഷം ഡോളര്‍), തുകല്‍ സാധനങ്ങള്‍ (യുഎസ്ഡി 305 ദശലക്ഷം), ഇരുമ്പ്, ഉരുക്ക് വസ്തുക്കള്‍ (474 ദശലക്ഷം ഡോളര്‍), ഓട്ടോ ഘടകങ്ങള്‍ (406 ദശലക്ഷം ഡോളര്‍) എന്നിങ്ങനെയാണ് ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യങ്ങള്‍.