image

30 May 2023 10:08 AM GMT

Economy

ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാന്‍ ഇന്ത്യ

MyFin Desk

india to reduce trade deficit with china
X

Summary

  • അഞ്ചുമാസത്തിനുള്ളില്‍ വ്യാപാര കമ്മി കുറയ്ക്കുക ലക്ഷ്യം
  • സമുദ്രോല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കും
  • വ്യാപാരക്കമ്മി 2023ല്‍ 77.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു


ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിലെ ഇടിവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇറക്കുമതിയിലെ വര്‍ധനയും കയറ്റുമതിയിലെ ഇടിവും കാരണം 2023 സാമ്പത്തിക വര്‍ഷത്തില്‍ ബെയ്ജിംഗുമായുള്ള വ്യാപാര കമ്മി വര്‍ധിച്ചിരുന്നു.

അടുത്ത നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ ഈ സാഹചര്യത്തില്‍നിന്നും പുറത്തുകടക്കാനാണ് ഇന്ത്യയുടെ ശ്രമം. പൂര്‍ണമായും വ്യാപാരകമ്മി ഒഴിവാക്കാനാവില്ല. എന്നാല്‍ നിലവിലുള്ള വലിയ വിടവ് കുറയ്ക്കാന്‍ കഴിയും.

സമുദ്രോത്പന്നങ്ങളുടെയും രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയുടെ കരുത്തില്‍ നിലവിലുള്ള സാഹചര്യത്തിന് മാറ്റം വരുത്താനാണ് ശ്രമം.

കോവിഡ് കാലത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വ്യാപാരത്തിന് പല പ്രതിസന്ധികളും നേരിട്ടിരുന്നു. അതില്‍ പ്രധാനമായിരുന്നു അതിര്‍ത്തിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. ഇപ്പോഴും ഇപ്പോഴും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ പല സ്ഥലത്തും തര്‍ക്കങ്ങള്‍ നിലില്‍ക്കുന്നുണ്ട്.

ഈ സാഹചര്യം വ്യാപാരത്തിന് അനുകൂലമല്ല. ഇതിനെത്തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണി വരെ ഉണ്ടായി. എന്നാല്‍ ഔദ്യോഗികമായി അത് പ്രഖ്യാപിക്കാന്‍ ആവില്ല. പക്ഷേ ജനം ബഹിഷ്‌ക്കരിച്ചപ്പോള്‍ ബെയ്ജിംഗിന്റെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് ഉണ്ടായി. ഇത് പാശ്ചാത്യ കമ്പനികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.

കൂടുതല്‍ വ്യാപാരത്തിനുള്ള അവസരം ഒരുങ്ങുന്നതായാണ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. മുന്‍പ് ചെമ്മീനുമായി ബന്ധപ്പെട്ട് കയറ്റുമതിയില്‍ നിരവധി വല്ലുവിളികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആ സാഹചര്യം ഒഴിവായിട്ടുണ്ട്.

2020-ല്‍ ഏകദേശം 99 ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചൈന നിര്‍ത്തിവെച്ചിരുന്നു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) നടത്തിയ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ഫലം കണ്ടു എന്ന് പറയാം.

കോവിഡിനുശേഷം ചൈനയുടെ സമ്പദ് വ്യവസ്ഥ തുറക്കുകയും ചെയ്തു. ഈ കാര്യങ്ങള്‍ ചൈനയുടെ നിലപാട് മാറ്റത്തിന് കാരണമായി. ചൈനയിലേക്കുള്ള ഏറ്റവും വലിയ സമുദ്രോല്‍പ്പന്ന കയറ്റുമതിയാണ് ഫ്രോസണ്‍ ചെമ്മീനിന്റേത്.

ചൈനയിലേക്കുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയും വര്‍ധിക്കുകയാണ്. ചൈനീസ് വിപണി സാവധാനത്തില്‍ മികച്ച നിലയിലേക്ക് എത്തുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.ചൈനീസ് സമ്പദ്വ്യവസ്ഥ തുറന്നത് ഇന്ത്യന്‍ കയറ്റുമതിയെ സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍.

ചൈനയിലേക്കുള്ള കയറ്റുമതി കുറഞ്ഞതിന്റെ കാരണങ്ങള്‍ വാണിജ്യമന്ത്രാലയം ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.

കയറ്റുമതി കുറയാന്‍ കാരണം കോവിഡ് മാത്രമാണോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നത് ഗൗരവമായി പരിഗണിക്കും. ഇപ്പോള്‍ വിപണിതുറന്നതിനുശേഷം ഉണ്ടാകുന്ന ട്രെന്‍ഡ് എന്തെല്ലാമാണ് എന്നതും പരിശോധിക്കുന്നു.

നാല്-അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ബെയ്ജിംഗിലേക്കുള്ള കയറ്റുമതി സംബന്ധിച്ച് കാര്യങ്ങള്‍ വീണ്ടും വിലയിരുത്തും. സ്വീകരിക്കേണ്ട നടപടികള്‍ അതാത് സമയങ്ങളില്‍ കൈക്കൊള്ളും.

2023 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയിലേക്കുള്ള കയറ്റുമതി 28 ശതമാനം കുറഞ്ഞ് 15.3 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി 4.16 ശതമാനം ഉയര്‍ന്ന് 98.51 ബില്യണ്‍ ഡോളറിലുമെത്തി.

2022 സാമ്പത്തിക വര്‍ഷത്തില്‍ 72.9 ബില്യണ്‍ ഡോളറായിരുന്ന വ്യാപാരക്കമ്മി 23ല്‍ 77.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.